Tuesday, December 28, 2010

ദുസ്വപ്നം




















ദുസ്വപ്നം
പേടിയാണെനിക്ക് ,
ചിതല്‍പ്പുറ്റിനകത്ത് 
കടല്‍ അലറുന്നു.

 തീരമണയാത്ത 
വന്‍ നദികള്‍,
ആഴിഗര്‍ഭത്തിലെ 
നീല ഞരമ്പുകള്‍ ,
പായ്‌ ചുരുക്കിയ   
കപ്പലിന് 
ഉടല്‍ വിയര്‍ക്കുന്നു.

കരി മേഘങ്ങള്‍ 
തീ തുപ്പുന്നു,
കപ്പല്‍ പായ്‌ 
വെന്തുരുകുന്നു. 

കശേരുക്കള്‍ കൊരുത്ത്,
തലയോട്ടി   കോര്‍ത്ത 
മാന്ത്രിക ദണ്ടു  കൊണ്ട്
പ്രതിരോധം
ഇനിയസാധ്യം.
കാറ്റിനും ചോരക്കൊതി
തിരകള്‍ക്കു ചാവു മണം
തുണ വിട്ട കയ്യിനു
പിന്നെയും ഗ്രഹപ്പിഴ 

ഞെട്ടിയെണീറ്റു -
തൊണ്ട വരണ്ടോ?
മുറിക്കു പുറത്തു 
മഴയുതിരുന്നു.

മഴയുണ്ടല്ലോ
ഇനി പേടി വേണ്ട..


Friday, November 26, 2010

പറുദീസാ


പ്രണയവും
നിന്റെ ഭാരവും ഗന്ധവും
ചേര്‍ന്നാല്‍
പറുദീസയിലെത്താം .
അവിടെ
നമുക്കായ്
മാലാഖമാര്‍ കാത്തിരിപ്പുണ്ട്..
പൂത്ത മുന്തിരി വള്ളിക്കൂട്ടത്തിനകത്ത്
കിടന്നുറങ്ങാന്‍ ഇടമുണ്ട്.
ഭക്ഷിപ്പാന്‍ തേനും മാതളവും ഉണ്ട്.
                                                      നീരാടാന്‍ ഇളനീര്‍ ചോലയുണ്ട്.
                                                      ഊയലാടാന്‍ മുല്ല വള്ളി യുണ്ട്.
                                                      എങ്കിലും,
                                                      വിലക്കപ്പെട്ട കനി
                                                      ഭക്ഷിക്കാതെ
                                                      അവിടേക്ക് പ്രവേശനമില്ല,
                                                      ജീവന്റെ കനി,
                                                      അറിവിന്റെ കനി ,
                                

                      അവ നമുക്ക് ഇനിയും അന്യമാണ് .
കനി പറിക്കാന്‍
ഇനിയുമേറെ നടക്കാനുണ്ട്,
പോയ്‌ പറിക്കാം
നീ കൂട്ട് വരുമെങ്കില്‍,
മരുഭൂമികള്‍ താണ്ടി കടക്കുമ്പോള്‍
അധരപിയുഷം കൊണ്ട്
ഞാന്‍ നിന്റെ   ദാഹമകറ്റാം ,
പുണര്‍ന്നു തണുപ്പാറ്റാം,
ചൂടില്‍ കുളിരാകാം,
നീ കൂട്ട് വരുമെങ്കില്‍..
ഇല്ലെങ്കില്‍, പറുദീസാ
നമുക്കന്യമാകും,
എനിക്കത് സഹിക്കാനാകില്ല,
നിനക്കും.
മരിച്ചാല്‍ ഒന്നിക്കാം എന്ന
വിഡ്ഢി വചനം
നമുക്ക് വേണ്ട..
വരൂ,
നമുക്ക് യാത്ര തുടങ്ങാം....

Friday, November 12, 2010

വിശപ്പ്‌














പുലര്‍ച്ചെ വിശന്നാല്‍ 
ഉറക്കെ ചിരിക്കുക,
വിശപ്പ്‌ മാറും.

സഹ മുറിയന്‍ 
അടുത്ത പകലില്‍ 
തൊട്ടടുത്ത മുറിയനോട്  
പറഞ്ഞേക്കാം-
"അവന്‌ വട്ടാണ്"

വട്ടല്ല, 
വിശപ്പാണ്,
ചിരി കണ്ടാലുടന്‍
ചങ്ങാതി 
മുറി വിടും,
അവന്റെ പെട്ടിക്കകത്ത് 
അമ്മ കൊടുത്തു വിട്ട
പലഹാരങ്ങളുണ്ട്  .

കഴിഞ്ഞ രാത്രി 
കരഞ്ഞ് ചോദിച്ചിട്ടും
അവനൊരു 
തുണ്ട് പോലും തന്നില്ല.

കരച്ചില്‍ മാറ്റാന്‍ 
ചിരിക്കുകയാണ് പോംവഴി!


Saturday, October 30, 2010

ഇരയുടെ (അഥവാ എന്റെ) ബോധോദയങ്ങള്‍

















തീവ്രവാദി
*********
ഇര
പിന്നെയും പഴി
വേദനിച്ചപ്പോള്‍
തല്ലു തടഞ്ഞതിന് ..

 ചിരി
*****
പിന്നെയും അടി,
വേദന കൊണ്ട്
പല്ലിളിച്ചത്
ചിരിയായി തോന്നിയത്രേ!

 ചതി
******
സത്യം ഇതു തന്നെ,
എന്നാലും
ആദ്യം കേട്ട നുണക്ക് 
നൂറു മാര്‍ക്ക്.

നുണ
*****
പൃഷ്ടം  തടവിയാല്‍
നുണക്കും 
നേരിന്റെ 
ആട്ടിന്‍തോല്‍ കിട്ടും.  

പേര്
*****
നല്ല പേര് 
സമ്പാദിക്കരുത്,
ജീവിക്കാന്‍
ആരും അനുവദിക്കില്ല.

നേര്
*****
അത്‌ മാത്രം 
പറയരുത്.
കാശ് കൊടുത്താലും
കേള്‍വിക്കാരനെ കിട്ടില്ല.

സദാചാരം 
**********
തുണിയഴിച്ചിട്ടു നില്‍ക്കുന്നു,
കുളിമുറിയിലേക്ക്
എത്തി നോക്കിയില്ലേല്‍ 
കണ്ടെത്തുമായിരുന്നില്ല
ഈ മഹാപാപം.

കുമ്പസാരം
**********
ഒടുവില്‍
പുരോഹിതനോട്
മാപ്പിരക്കാം,
പാപം
ചെയ്യാതിരിക്കരുത്. 

ഇരിക്കപ്പിണ്ഡം
************
പാപ്പം വേണോ,
പ, പ്പ മിണ്ടരുത്.
പകുതി പറഞ്ഞാലും
പടിയടച്ചു
പിണ്ഡം വെക്കും.

പാപം
******
തെറ്റ് ചൂണ്ടിക്കാട്ടരുത്,
പാപി പട്ടം 
സ്വയം പേറേണ്ടി വരും.

Monday, October 25, 2010

ഒറ്റ (മൂലി)മഴ


















വെയില്‍ നനഞ്ഞ്‌
പനി പിടിച്ചു,
വെയിലിന്റെ കയ്യും
പൊള്ളുന്ന പനി.

കുട പിടിക്കാമായിരുന്നു-
അവള്‍ക്കു സങ്കടം.

നട്ടുച്ചയ്ക്ക്
കുട നിവര്‍ത്തിയാല്‍
ശീല കരിയുമെന്ന്
അവള്‍ക്കുണ്ടോ
വിവരം.
പുതിയതൊന്നു വാങ്ങാന്‍
പണമില്ല കയ്യില്‍.

മരുന്ന് കഴിച്ചില്ല -
അവളുടെ പരിഭവം.

കഴിക്കാന്‍ ഇനി
മരുന്നുകളില്ല.

മഴ കൊണ്ടാല്‍
പനി മാറുമെന്നു
ലാട വൈദ്യന്‍,
ഒറ്റ മൂലി,
അത്‌ കൂടി
പരീക്ഷിക്കാനുണ്ട് ,
മാറിയേക്കും.

അയാള്‍ തന്ന
കരടി നെയ്യ് പുരട്ടിയാണ്
മീശ
വളര്‍ത്തിയെടുത്തത്,
മയിലെണ്ണ തടവിയാണ്,
പെണ്ണേ,
നിന്നെ വളച്ചത്
( മെയ്യും മനസ്സും ),
കസ്തൂരി തൂകിയാണ്
പ്രണയം വളര്‍ത്തിയത്‌,
നിനക്ക് അറിയില്ല.

ലാടനാണെന്റെ വൈദ്യന്‍.

അയാളിനി
കാടിറങ്ങുന്നത്‌ 
എന്നാണാവോ.
അയാളുടെ
തുകല്‍ ഭാണ്ടത്തില്‍
 ഒരു കുടം മഴയും
ഉണ്ടാകുമായിരിക്കും,
കാട്ടിലെ മഴ. 

പകരം
കുട കൊടുക്കാം,
പണമില്ല,
ചോദിച്ചാല്‍ നിന്നെയും.

എനിക്ക് പനിച്ചു മടുത്തു.
***********************
കേരളത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ 2011  ഏപ്രിലില്‍ (17)നടന്ന ബ്ലോഗ്ഗെര്‍മാരുടെ സംഗമത്തില്‍ പ്രസിദ്ധീകരിച്ചത് 


Tuesday, September 28, 2010

ഗവേഷണം















ജീവിതം വിറ്റാല്‍ 
എന്തു നേടാം?
ജോലി 
പേര്
പ്രശസ്തി

അഭിമാനം വിറ്റാലോ,
ലോകം 
ധനം 

പ്രണയം വിറ്റാല്‍ 
ജീവിതം നേടാനാകുമോ എന്നതാണ് 
ഇപ്പോഴെന്റെ ഗവേഷണ വിഷയം 
എന്റെതല്ലാത്ത ജീവിതങ്ങളും  
അവരുടെ അഭിമാനവും വിറ്റ് 
എനിക്ക് ലോകം നേടണം! 


Tuesday, September 14, 2010

പ്രിയ ചങ്ങാതി

Riyas(29)
born on 05/12/1984
died on 14/ 09/ 2010 in the early morning

എന്താ പറയാ? 
    ഒന്നും പറയാനില്ല... 
റിയാസിക്ക മരിച്ചു.. 
 ഒരു പുഞ്ചിരി കൊണ്ടു മുന്നില്‍ നില്‍ക്കുന്നയാളുടെ എല്ലാ സങ്കടങ്ങളും മായ്ച്ചു കളയുന്ന ചങ്ങാതി ഇനിയില്ല  ... 
ഇന്നലെ വൈകുന്നേരം നാലു മണിക്ക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാള്‍  ഇന്ന്  അതെ നേരത്ത് ശവ മഞ്ചത്തില്‍  വെള്ള തുണിയില്‍.... ഹൊ.. നെഞ്ച് തകര്‍ന്നു പോകുന്നു... ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തി, പുലര്‍ച്ചെ നമസ്കാരവും കഴിഞ്ഞ് കിടന്നിട്ട് റിയാസിക്ക പിന്നെ ഏഴുന്നേറ്റില്ല ..  ഇന്ന് രാത്രിയില്‍ ചരമ പേജ് ചെയ്യണമെന്നു നേരത്തെ ഡ്യൂട്ടി കിട്ടിയ റിയാസിക്ക ഇന്ന് രാവിലെ പത്രത്തില്‍ ചരമ പേജില്‍ .... 
കുറെ ദിവസങ്ങളായി ശരിക്ക് ഉറങ്ങിയിട്ട്  ... ഇന്നത്തെ ഓഫ്‌ ഡേ   ഉറങ്ങി തീര്‍ക്കണമെന്ന് പറഞ്ഞാണ് പോയത്! അറം പറ്റി പോയല്ലോ! അവസാന ഉറക്കത്തിലേക്കു റിയാസിക്ക ആണ്ടു പോയത് റിയാസിക്ക പോലും അറിഞ്ഞിട്ടുണ്ടാകില്ല... 
ആ ഉമ്മച്ചിയെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും?   രാത്രി ഡ്യൂട്ടി  കഴിഞ്ഞു വന്ന മകന് ചായ ഫ്ലാസ്കില്‍ എടുത്തു  വച്ചെന്നു പറയാന്‍ ചെന്നതാണ് ആ അമ്മ..  എഴുന്നേല്‍ക്കാന്‍  വയ്യ ഉമ്മച്ചീയെന്നു  പറയാന്‍ പോലും.... ഈശ്വരാ... 29 വയസിലേ  തിരിച്ചെടുക്കാന്‍ മാത്രം, നീ റിയാസിക്കയെ അത്രേം സ്നേഹിക്കേണ്ടായിരുന്നു  ... അല്ലെങ്കിലും നീയൊരു ക്രൂരനാണ്... 
സൌഹൃദം ഹൃദയത്തില്‍ തുടങ്ങുന്നു എന്നു കാണിച്ചു തന്നയാളാണ്  റിയാസിക്ക... ഇന്ന് റിയാസിക്കയുടെ  ഹൃദയം മണ്ണിനടിയിലാണ്...  പക്ഷെ... ഒരുകാലത്തും  അവസാനിക്കാത്ത സൌഹൃദം കടമിട്ടിട്ടാണ്  റിയാസിക്ക പോയത് ... 
പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങളൊക്കേം  ഫലിക്കുമായിരിക്കും! റിയാസിക്കയും സ്വപ്നം കണ്ടോ?  പുലര്‍ച്ചെ സ്വപ്നം കാണിച്ചാണോ ദൈവമേ നീ അങ്ങോട്ട്‌ കൊണ്ടു പോയത്? വേണ്ടായിരുന്നു...


read Riyasikka's blog-   
http://www.riyasikka.blogspot.com

Friday, July 30, 2010

പെരും കള്ളന്മാര്‍!















ചിലര്‍
മുന്നില്‍ നിന്ന് ചിരിക്കും,
ഹൃദ്യമായി,
പിന്നില്‍ നിന്നും കഴുത്തിലേക്ക്
ഉറുമി വീശും,
മാറി നിന്ന്
മറ്റൊരാളോട്  പറയും,
ദാ, നോക്കൂ  ,
ആ കഴുത്തില്‍
ഞാന്‍ അണിയിച്ചു കൊടുത്ത
പ്ലാറ്റിനം ആഭരണത്തിന്റെ ഭംഗി!


മൃദു ഭാഷണം,
നിഷ്കളങ്ക പുഞ്ചിരി,
കേള്‍വിക്കാരനെ കയ്യിലെടുക്കുന്ന
വക്ചാതുരി,
ഇവര്‍ 
പുതിയ ലോകത്തിലെ
പെരും കള്ളന്മാര്‍!

ജാഗ്രതൈ !

Tuesday, June 29, 2010

പരസ്യ മോഡല്‍

തന്‍റെതല്ലാത്ത കാരണങ്ങളാല്‍
വിവാഹ ബന്ധം വേര്‍പെടുത്തിയ ,
ആണും അയാളുടെ പെണ്ണും 
(താല്‍കാലിക വിഭാര്യനും 
താല്‍കാലിക വിധവയും)   
പുതിയ ഇണയെ തേടി
പത്രത്തിലെ
വ്യത്യസ്ത വിവാഹ പരസ്യങ്ങളില്‍
അടുത്തടുത്ത്
ജാള്യത്തോടെ  കിടന്നു .

ആ പരസ്യ മോഡലുകളെ  കണ്ട്‌
വായനക്കാര്‍ ആര്‍ത്തു ചിരിച്ചു .

Wednesday, May 26, 2010

അന്നയുടെ ഉത്തമഗീതം

 ഭാഗം 1
******** 

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു! മരം പെയ്ത്ത് നിറുത്തിയിട്ടില്ല! അന്തരീക്ഷത്തില്‍ ഒലിവ് പൂക്കളുടെ ഉന്മത്ത ഗന്ധം. പാറക്കു മുകളിലേക്ക് പടര്‍ന്നു പന്തലിച്ച മരത്തില്‍ നിന്നും പൂക്കള്‍ കൊഴിഞ്ഞു വീഴുന്നുണ്ട്. മുന്നില്‍, അഗാധതയില്‍ കുതിച്ചൊഴുകുന്ന ജോര്‍ദാന്‍... തണുത്ത കാറ്റ് വീശിയടിക്കുന്നു...... അപ്പുറത്ത് കുന്നിന്‍ ചെരിവുകള്‍ ആകാശം മുട്ടി നില്‍ക്കുന്നിടത്ത് കാര്‍മേഘങ്ങള്‍ .. ഗത്സെമെന്‍ കുന്നിന്‍ മുകളിലേക്കുള്ള ഒറ്റയടി പാതക്കരികെ ചെമ്മരിയാട്ടിന്‍ കൂട്ടം മഴ കൊള്ളാതിരിക്കാന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കയറി നില്‍പ്പുണ്ട്.
ഇവിടെയിരുന്നാല്‍ അകലെ താഴ്വരയില്‍ ഇത്തിരി വെട്ടം പേറുന്ന കൊച്ചു വീടുകള്‍ കാണാം. മലയില്‍ നിന്നും താഴെ അഗാതതയിലെക്ക് കിഴ്ക്കണാംതൂക്ക് കിടക്കുന്ന പാറക്കു മുകളില്‍ ഒലിവു മരത്തിന്റെ ശാഖകള്‍ പച്ചില കൊണ്ട് തീര്‍ത്ത കുഞ്ഞു വീടിനകത്ത് മഴത്തണ്പ്പില്‍ നിന്നോട് ചേര്‍ന്നിരിക്കുന്നത് ആരും കാണില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. . ചുറ്റിലും മഴചീവീടുകളുടെ കിരുകിര ശബ്ദം! മരക്കൊമ്പുകളില്‍ അമ്മയറിയാതെ കൂടിറങ്ങി വന്ന മലയണ്ണാന്‍ കുഞ്ഞുങ്ങളുടെ കുസൃതി.പടര്‍ന്നു നില്‍ക്കുന്ന ഇഞ്ചപ്പുല്‍ പൊന്തയില്‍ ഇഴയന്‍ രാജാവിന്റെ ശീല്‍ക്കാരം കേള്‍ക്കുന്നു, എങ്കിലും നീ അടുത്തുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം?
അന്നാ.....
അല്‍പ്പം മുന്‍പ് ചേര്‍ത്ത് നിറുത്തി നീ കാതരമായി വിളിച്ചത് കേട്ട് മനസ്സിപ്പോഴും തുള്ളിക്കുതിക്കുന്നു.. പ്രണയം എന്‍റെ കണ്ണുകളില്‍ കരിമഷി പടര്‍ത്തുന്നു..കാറ്റ് നമ്മുക്കിടയിലൂടെ കടന്നു പോകാന്‍ വാശി പിടിക്കുന്നുണ്ട്, അങ്ങനെ തോറ്റുകൊടുക്കാന്‍ വയ്യ, കുന്നിന്‍ ചെരിവിലെ ആട്ടിന്‍കൂട്ടത്തെ നോക്കാന്‍ നീ അല്‍പ്പമൊന്നു ചായുമ്പോഴല്ലാതെ , കള്ളക്കാറ്റെ , നിനെക്കെന്നോട് മുഖം വീര്‍പ്പിക്കേണ്ടി വരും.. ഒരുപാട് ആശിച്ചതാണ് ഈയൊരു നിമിഷത്തിനായി, നീ എന്റെതാണ് എന്നു കേള്‍ക്കാനായി... ഇനി വയ്യ, ഇതായെന്റെ വിരലുകളെ കോര്‍ത്ത്‌ പിടിക്കൂ. നിന്‍റെ തോളില്‍ തല ചയ്ചാകട്ടെ ഇനിയെന്റെ യാത്രകള്‍....
 
ഭാഗം 2
*********


photo courtesy- Jijasal -    വറ്റല്‍മുളക്


മൂന്നു വര്‍ഷം എത്ര പെട്ടന്നാണ് കൊഴിഞ്ഞു പോയത്! വരുന്ന മുന്തിരി വിളവെടുപ്പിനു ശേഷം ഞാന്‍ നിന്നെ എന്‍റെ വീട്ടുകാരിയാക്കുമെന്നു പലതവണ കാതില്‍ മൊഴിഞ്ഞപ്പോഴൊക്കെ ഒരുപാടു ആഹ്ലാദിച്ചു. പഴയ പോലെ ഗത്സെമെനിലെ പാറക്കൂട്ടത്തിന് മുകളിലെ പച്ചില ചാര്‍ത്തിനകത്തു നീ വരാത്തതിന്റെ പരിഭവമൊക്കെ ഒറ്റപ്പറച്ചിലില്‍ അലിഞ്ഞില്ലാതാകുമായിരുന്നു...
പ്രാര്‍ത്തിക്കാനെന്നു കൂട്ടുകാരോട് കളവു പറഞ്ഞ് ചില സായാഹ്നങ്ങളില്‍ മാത്രമാണ് നീ ഇപ്പോള്‍ ഗത്സെമെനിലെക്ക് വരുന്നത്. ബാക്കി സമയങ്ങളിലൊക്കെ യാക്കോബിന്റെയും യോഹന്നാനിന്റെയും കൂടെ നാട് നന്നാക്കലാണ്‌ പണി...മകനെ കാണാന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് മേരിയമ്മായി എന്നും കരച്ചിലാണ്. മകന്‍ വീട് വിട്ട്‌ ഇറങ്ങിയതോടെ യൌസേപ് അമ്മാവന് പണിശാലയില്‍ കൈസഹായത്തിനു ആളില്ലാതായി. പാവം അമ്മാവന്‍, ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. യേശു ജനിച്ചത്‌ മുതല്‍ മേരിയമ്മായിയെയും യൌസേപ് അമ്മാവനെയും നാട്ടുകാര്‍ കുത്ത് വാക്കുകള്‍ പറഞ്ഞ് കളിയാക്കുന്നുണ്ട്, ഇപ്പോഴും അതിനൊരു കുറവുമില്ല. അമ്മാവന്റെ മകനല്ല യേശു എന്നാണ് പറയുന്നത്. തന്തയാരെന്നറിയാത്തവന്‍ എന്നു നാട്ടുകാര്‍ പറയുന്നത് കേട്ട് യേശു മാറിയിരുന്നു കരയുന്നത് പലതവണ കണ്ടിട്ടുണ്ട്. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞിരുന്ന യേശു, പുരോഹിതന്മാരെയും പ്രമാണിമാരെയും ചോദ്യം ചെയ്യുന്നുന്വേന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. നേരത്തെ ഏലിശ്വാ അമ്മായിക്ക് വയസ്സ് കാലത്ത് ഉണ്ടായ ഒരേയൊരു മകന്‍ യോഹന്നാന്‍ രാജാവിനെയും പുരോഹിതരെയും എതിര്‍ത്ത് സംസാരിച്ചതിന് തടവിലാക്കപ്പെടുകയും തല കൊയ്യപ്പെടുകയും ചെയ്തതാണ്. അക്കാര്യമോര്‍ക്കുമ്പോള്‍ നെഞ്ച് പിടയുന്നു, എല്ലാ തവണയും കാണുമ്പോള്‍ യേശുവിനോട് പറയാറുണ്ട്, ഇനി പുരോഹിതര്‍ക്കെതിരെ ഒന്നും പറയരുത് എന്ന്... എന്ത് പറഞ്ഞിട്ടു എന്ത് കാര്യം! നെഞ്ച് നീറാന്‍ ഈയുള്ളവളുണ്ടല്ലോ!


ഇപ്പോള്‍ തന്നെ വീട്ടില്‍ അപ്പന്റെ ചീത്ത കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ഒരു പണിയുമെടുക്കാതെ നാട് ചുറ്റുന്നവ്നു പെണ്ണു കൊടുക്കില്ലെന്നാണ് അപ്പന്‍ പറയുന്നത്. പിന്നെ, മഗ്ദെലേനാ മറിയത്തോടൊപ്പം യേശു ആടിക്കുഴഞ്ഞു നടക്കുന്നത് നാട്ടുകാര്‍ പലരും കണ്ടത്രെ! ബഥാനിയായിലെ ലാസറിന്റെ സഹോദരിമാരായ മര്‍ത്തയോടും മറിയത്തോടും കൂടെ കണ്ടെന്നും അപ്പനോട് പലരും പറഞ്ഞിരുന്നു. ഇതൊക്കെ കേട്ട് അപ്പന് യേശുവിനെ ഇഷ്ടമല്ല. പുരോഹിതന്മാര്‍ക്കെതിരെ ശബ്ദമുയര്‍തുന്നതിനാല്‍ മകളെ കെട്ടിച്ചു കൊടുത്താലും അധികം വൈകാതെ വിധവയാകും എന്നു അപ്പന് പേടിയുണ്ട്. തന്നെ പ്രസവിച്ചു ആറു മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചതാണ്. പിന്നെ ഏറെ കഷ്ടപ്പെട്ടാണ്‌ അപ്പന്‍ തന്നെ വളര്‍ത്തിയത്‌. പക്ഷെ യേശുവിനെ മറക്കാന്‍ തനിക്കാകില്ല, ആര് എന്തൊക്കെ പറഞ്ഞാലും! താന്‍ യേശുവിനെ അവിശ്വസിക്കുന്നില്ല. ഈ വര്‍ഷത്തെ മുന്തിരി വിളവെടുപ്പ് കാലം ഒന്ന് കഴിഞ്ഞെങ്കില്‍!
 
ഭാഗം 3
*********


ഹാ... ജരുസലെമേ...


നിനക്ക് മതിയായില്ലേ? ഇത്രയും ദുഃഖ ഭാരം ചുമക്കാന്‍ തക്ക എന്ത് തെറ്റ് ചെയ്തു ഞാന്‍ ! എന്‍റെ ഹൃദയം പിളര്‍ത്തി വേണമായിരുന്നോ നിനക്ക് സന്തോഷിക്കാന്‍? നിന്നോട് ഞാനെന്തു ചെയ്തു? ഗാഗുല്‍ത്തയില്‍ കള്ളന്മാര്‍ക്കൊപ്പം കുരിശില്‍ തൂക്കിക്കൊല്ലാന്‍ മാത്രം പാപിയ്യായിരുന്നോ എന്‍റെ പ്രിയന്‍? യാഹ് വേ.. നീയിതു അറിയുന്നില്ലേ? നിന്‍റെ കാതുകളില്‍ എന്‍റെ വിലാപമെത്തുന്നില്ലെന്നോ? ദുഖത്തിന്റെ ഈ പാനപാത്രം നീ എനിക്കെന്തിനു നല്‍കി? എന്നോടല്‍പ്പം പോലും കരുണയില്ലെന്നോ? ഹാ... എന്‍റെ പ്രിയനേ... നിനക്കീ ഗതി വന്നല്ലോ!
അപ്പാ...
അപ്പനിത് കാണുന്നില്ലേ? എന്നെയോര്‍ത്ത് അങ്ങേക്കിനി ആഹ്ലാദിക്കാം! എന്‍റെ പ്രിയനേ തൂക്കികൊന്നെനു പറഞ്ഞ് അങ്ങേന്തിനു വിലപിക്കുന്നു? വിവാഹത്തിന് മുന്‍പേ വിധവയാക്കപ്പെട്ട എന്നെയോര്‍ത്ത് അങ്ങ് ദുഖിക്കരുത്! ഓര്‍മകളിലാണ് ഇനിയെന്റെ ജീവിതം.
ഹേ...ചങ്ങാതിമാരെ... നിങ്ങളും അവനെ കൈവിട്ടു കളഞ്ഞു. നിങ്ങള്‍ക്കവന്‍ എന്തെല്ലാം സഹായങ്ങള്‍ ചെയ്തു തന്നില്ലാ ? എന്നിട്ടും യൂദാസേ, നീ അവനെ പടയാളികള്‍ക്കും പുരോഹിതര്‍ക്കും ഒറ്റു നല്‍കി. പകരം നിനക്കെന്തു കിട്ടി? നിന്‍റെ മരണത്തിനെക്കാളും വിലയില്ലാത്ത 30 വെള്ളിക്കാശോ? കോഴി കൂവും മുന്‍പ്‌ മൂന്നു തവണ അവനെ തള്ളിപ്പറഞ്ഞ പത്രോസേ, അവിശ്വാസം നിന്‍റെ കൂടെപിറപ്പാണല്ലോ, നിനക്ക് ജീവിതത്തില്‍ പുരോഗതിയില്ലാതെ പോട്ടെ! ഹാ   ...എന്‍റെ പ്രിയനേ...ഇതാണോ നിന്‍റെ നല്ല ചങ്ങാതിമാര്‍!
ഒടുവില്‍ നിനക്ക് കാല്‍ക്കീഴില്‍ രാവോളം അലമുറയിടാന്‍ അവര്‍ മാത്രം ബാക്കിയായി. ദുഷിച്ചവ ളെന്ന് സമൂഹം മുദ്ര കുത്തിയ മഗ്ദെലെന മറിയത്തോട് എനിക്ക് അസൂയ തോന്നുന്നു.അവസാന മണിക്കൂറുകളില്‍ നിന്നോടോത്തിരിക്കാന്‍ കഴിയാത്ത ഞാന്‍ ഭാഗ്യം കേട്ടവള്‍ തന്നെ! നിന്‍റെ മുഖം കൈലേസില്‍ ഒപ്പിയെടുത്ത വെറോനിക്കയും ദൈവ കൃപയുള്ളവള്‍ ! ഹാ ... എന്‍റെ പ്രിയനേ...

അവസാനം നിന്നെ കണ്ടത് എന്നാണ്? അന്ന് കാട്ടിടവഴിയില്‍ കൊങ്ങിണിപ്പൂക്കളുടെ ചുവന്ന കടല്‍ പൂത്തിരുന്നു. വേണ്ട, ഇറുക്കണ്ടയെന്നു നീ അന്ന് വിലക്കി. ജറുസലെമിനു വേണ്ടി എന്തോ ഒന്ന് ചെയ്തു തീര്‍ക്കാന്‍ ചുമതലയെറ്റെന്നു നീ പറഞ്ഞു, ചിലപ്പോള്‍ ജീവന്‍ നഷ്ടമായെക്കുമെന്നും.. കാത്തിരിക്കരുതെന്നും....
കാത്തിരിക്കരുതെന്നു!! കാറ്റ് കാതോരം പാഞ്ഞെത്തി പൊടുന്നനെ നിശബ്ദമായി...എന്‍റെ പ്രിയനേ ,ഞാന്‍ നിനക്ക് വേണ്ടിയല്ലാതെ മറ്റാര്‍ക്ക് വേണ്ടി കാത്തിരിക്കും? രാജകുമാരിയുടെ കഥയിലെ രാജകുമാരന്‍ കുതിരപ്പുറത്തു പാഞ്ഞെത്തുമെന്ന് നീ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും മൂളിക്കേട്ടു, കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു ...
ഇതാ, ഇവിടെയീ പച്ചിലച്ചാര്‍ത്തിനകത്ത് നീയില്ലെന്നോര്‍ക്കുമ്പോള്‍ നെഞ്ച് പിളരുന്നു. ഇനി വരില്ലെന്ന് കൂടി ഓര്‍ക്കാന്‍ വയ്യ! ഹാ...എന്‍റെ പ്രിയനേ....



ഭാഗം 4


ഇതാ വീണ്ടും മഴ പെയ്തുതുടങ്ങിയിരിക്കുന്നു... ഇലത്തലപ്പുകളില്‍   നിന്നും മഴയുടെ ചെറു തുള്ളികള്‍ മറ്റൊരു മഴയുതിര്‍ക്കുന്നു...എവിടെ നിന്നോ കാട്ടുപ്പൂക്കളുടെ മണം മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട്. മുളം കൂട്ടം കാറ്റിനൊപ്പം പാടുന്നു. ഈ രാത്രിയില്‍ നീ വരുമെന്ന് എനിക്കുറപ്പായിരുന്നു.
ഇത്തിരി നേരം, ഇവിടെ , ഈ ഓ രത്തിരിക്കാം  ... മുളംകാടിനപ്പുറത്ത് ഹൊ, ആ  കാഴ്ച നിനക്കൊരിക്കലും മറക്കാനാകില്ലെന്നു എനിക്കുറപ്പുണ്ട്. അവിടെക്കെതും മുന്‍പ്‌ എനിക്ക് നിന്നോടൊന്നു പറയാനുണ്ട്.
നിന്‍റെ കണ്ണുകളില്‍ താഴ്വരകാടുകളില്‍ പൊട്ടി വിടര്‍ന്ന കാട്ടുപ്പൂവിന്റെ  ചെന്ജുകപ്പ്‌ ...  എന്‍റെ കയ്യില്‍ നിന്‍റെ ചോരയുടെ ചൂട്, ഞാന്‍ തളര്‍ന്നു പോകുന്നു....കണ്ണിലെ  കരി മഷി കരുപ്പ്പിനു കാര്‍ മേഘത്തിന്റെ   കുളിര്... കണ്ണ് തുറക്കാന്‍ വയ്യാ! കണ്ണുകളടയുന്നു  ... ഞാനിനി ഉറങ്ങട്ടെ... ഈ രാത്രിയിലിനി യാത്ര വേണ്ട.. നീയും മയങ്ങുക. പുലര്‍ച്ചെ താഴ്വരയില്‍ സൂര്യനുദിക്കുന്നത് കാണാന്‍ ഞാന്‍ നിന്നെ വിളിച്ചുണര്‍ത്തും വരെ മയങ്ങുക, എന്‍റെ തലമുടിയില്‍ ഉടല്‍ പൂഴ്തുക. മല വാഴും ഭൂതങ്ങളില്‍  നിന്നും നിന്നെ ഒളിപ്പിക്കാന്‍ എന്‍റെ കാര്‍ക്കൂന്ത ലിനുള്ളില്‍   മറഞ്ഞിരിക്കുക..
അതാ... അങ്ങ് താഴ്വരയില്‍ ചന്ദ്രനുദിച്ചു കഴിഞ്ഞു....

Tuesday, May 4, 2010

മരണം


മരണത്തിനുണ്ടൊരു മണം -
അഗര്‍ബത്തിപുകയില്‍
അരിമുല്ലപ്പൂക്കളുടെ
നറുംവാസന കൂടിക്കലര്‍ന്നത്,
നെഞ്ച് പിളര്‍ക്കുന്നത്.


മരണത്തിനുണ്ടൊരു നിറം -
മോസാന്ത ,
ബൊഗെയ്ന്‍ വില്ല പൂക്കളുടെ
ചുവപ്പ്‌, റോസ് , വെള്ള,
അഗര്‍ബത്തിപുകയുടെ ചാരനിറത്തില്‍ മങ്ങിയത്.
കണ്ണീരിന്റെ നനവില്‍ ഈറനായത്.




മരണത്തിനുണ്ടൊരു  ശബ്ദം -
ഓര്‍മ്മപ്പുറത്ത്
ചരല്‍  വാരിയെറിയുന്ന ശബ്ദം,
തേങ്ങലുകളാല്‍  ഈണമിട്ടത്.

Wednesday, March 10, 2010

ബലിത്തുള്ളി




(photo: കടപാട് : പി.ബി. ബിജൂ, ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ , മാധ്യമം )

കണ്ണ് പുകയുമ്പോഴും
കണ്ണീരു വീഴ്ത്താതെയാണ്
അവസാന ചുബനം നല്‍കിയത്...
ചുണ്ടുകളില്‍
മരണത്തിന്‍റെ തണുപ്പ്‌ പടര്‍ന്നപ്പോള്‍
ഞാന്‍ മുഖം വെട്ടിച്ചത്,
അച്ഛനറിഞ്ഞിരിക്കില്ല...
അച്ഛനെ പോലെ
എനിക്കും മരണത്തെ പേടിയാണ്..
ഊര്‍ദ്ധന്‍ വലിക്കുന്നതിന് മുന്നേ
ഒരു നോക്ക് കാണണമെന്ന്
പറഞ്ഞിരുന്നോ,
അടുത്ത നിന്നിരുന്ന അമ്മ
പിന്നീട് എപ്പോഴെങ്കിലും
അത് പറഞ്ഞതായി
എനിക്ക് ഓര്‍മയില്ല.
ഒടുവിലെ ഉച്ഛാസ്വത്തിനൊപ്പം
ഒരു കുമ്പിള്‍ രക്തം
ഒഴുകിയിറങ്ങിയെന്നത്‌
മാത്രമാണ് അമ്മ വിലപിച്ചത്...
എന്നോട്  പറയാതെ പോയതു കൊണ്ടാണ്
 മരണം പുതച്ച്‌ ഉറങ്ങുന്ന അച്ഛനെ
കാണേണ്ടയെന്നു
വാശി പിടിച്ചത് ,
എന്‍റെ കുരുത്തക്കേട്.
മണ്ണ് കോരിയിടാന്‍
ശവ മഞ്ചത്തിന്റെ മൂടി
അടക്കും വരെയും
നോക്കിയില്ല,
അച്ഛനതും അറിഞ്ഞിരിക്കില്ല,
ഇനിയൊരുമ്മ നല്കാനാകില്ലെന്നു പറഞ്ഞ്
അച്ഛന്‍പെങ്ങള്‍
ബലമായി മുഖം തിരിച്ചപ്പോഴാണ്,
അവസാനമായി കണ്ടത്,
അപ്പോഴും
പുഞ്ചിരി വിട്ടൊഴിഞ്ഞിരുന്നില്ല.
കണ്ണീരു വീഴ്ത്തി
മോക്ഷം നല്‍കേണ്ടിയിരുന്ന
ഈ മകള്‍ക്ക്
ഇപ്പോള്‍ സങ്കടം തിങ്ങുന്നു...
കടം വീട്ടാന്‍
ഇനിയെത്ര കണ്ണീരു വീഴ്ത്തണമെന്ന്
ആരാണ് പറഞ്ഞ് തരിക?
ദര്‍ഭ മുന കൊണ്ട്
കീറുന്നുണ്ടെങ്കിലും
ബലിയിടാതെ വയ്യ...
മനസ്സിലെ ബലിപ്പടവില്‍
ഞാനിപ്പോള്‍ തര്‍പ്പണം ചെയ്യുന്നു,
നഷ്ടപ്പെട്ട ഉറക്കങ്ങള്‍ക്കായി,
ഇനിയും
ഉറക്കം നഷ്ടപ്പെടാതിരിക്കാനായി മാത്രം ,
ബലിയിടാതെ വയ്യ...
പൊറുത്തേക്കുക...
പിന്നെ,
സ്വീകരിക്കുക
ഈ ബലിത്തുള്ളി ....
Related Posts Plugin for WordPress, Blogger...

Pages