Monday, October 25, 2010

ഒറ്റ (മൂലി)മഴ


















വെയില്‍ നനഞ്ഞ്‌
പനി പിടിച്ചു,
വെയിലിന്റെ കയ്യും
പൊള്ളുന്ന പനി.

കുട പിടിക്കാമായിരുന്നു-
അവള്‍ക്കു സങ്കടം.

നട്ടുച്ചയ്ക്ക്
കുട നിവര്‍ത്തിയാല്‍
ശീല കരിയുമെന്ന്
അവള്‍ക്കുണ്ടോ
വിവരം.
പുതിയതൊന്നു വാങ്ങാന്‍
പണമില്ല കയ്യില്‍.

മരുന്ന് കഴിച്ചില്ല -
അവളുടെ പരിഭവം.

കഴിക്കാന്‍ ഇനി
മരുന്നുകളില്ല.

മഴ കൊണ്ടാല്‍
പനി മാറുമെന്നു
ലാട വൈദ്യന്‍,
ഒറ്റ മൂലി,
അത്‌ കൂടി
പരീക്ഷിക്കാനുണ്ട് ,
മാറിയേക്കും.

അയാള്‍ തന്ന
കരടി നെയ്യ് പുരട്ടിയാണ്
മീശ
വളര്‍ത്തിയെടുത്തത്,
മയിലെണ്ണ തടവിയാണ്,
പെണ്ണേ,
നിന്നെ വളച്ചത്
( മെയ്യും മനസ്സും ),
കസ്തൂരി തൂകിയാണ്
പ്രണയം വളര്‍ത്തിയത്‌,
നിനക്ക് അറിയില്ല.

ലാടനാണെന്റെ വൈദ്യന്‍.

അയാളിനി
കാടിറങ്ങുന്നത്‌ 
എന്നാണാവോ.
അയാളുടെ
തുകല്‍ ഭാണ്ടത്തില്‍
 ഒരു കുടം മഴയും
ഉണ്ടാകുമായിരിക്കും,
കാട്ടിലെ മഴ. 

പകരം
കുട കൊടുക്കാം,
പണമില്ല,
ചോദിച്ചാല്‍ നിന്നെയും.

എനിക്ക് പനിച്ചു മടുത്തു.
***********************
കേരളത്തില്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ 2011  ഏപ്രിലില്‍ (17)നടന്ന ബ്ലോഗ്ഗെര്‍മാരുടെ സംഗമത്തില്‍ പ്രസിദ്ധീകരിച്ചത് 


Related Posts Plugin for WordPress, Blogger...

Pages