Monday, August 31, 2009

ദൈവത്തിന്റെ കൃഷ്ണമണി


















പൊടുന്നനെ
ഒരു മൂക്കുത്തി വെട്ടം,
ചെങ്കല്ലു കിരണം,
വിണ്ടു പിളര്‍്ന്ന
നെഞ്ചിന്‍ വിടവിലൂടെ
ഹൃദയമതാ
പറിഞ്ഞു വീഴുന്നു.

നൊടിയിടയില്‍
ജീവിതത്തിലേക്ക്
അള്ളിപ്പിടിച്ചു കയറിയ
ഞാവല്‍പ്പഴ മിഴി നോട്ടം,
ഗാഢം ,
സുദൃഢം.

വൃശ്ചിക കാറ്റില്‍
നിലാ ധൂളി
വീശിയടിക്കുന്നു.
അകലെ
ചകോര പക്ഷികളുടെ
കുറുകല്‍,
തണുത്ത നിലത്ത്
ഹൃദയത്തിന്റെ പിടച്ചില്‍

ഉള്ളം കയ്യുടെ
ഇളം ചൂടില്‍
എന്റെ ഹൃദയത്തെ
നിന്റെ കൈകള്‍
പൊതിഞ്ഞെടുക്കുന്നതും
കാത്തു നില്‍ക്കാന്‍
ശരീരത്തിന് ശേഷിയില്ല.

എങ്കിലും
ചോര ചീറ്റി തെറിക്കുന്ന
സിരാ ധമനികളോട്
ചേര്‍ത്ത്
ഒട്ടിച്ചുവയ്ക്കുമെന്ന്

അവസാന ശ്വാസത്തിലും
കിനാവ് കാണുന്നു.


കിനാക്കള്‍
നിലാനൂലുകളായി
രൂപാന്തരപ്പെടുന്ന
തണുത്ത നിമിഷത്തിലും
എന്‍റെ കണ്ണില്‍
പ്രതീക്ഷയുടെ പൊന്‍തിളക്കം
നീ
കാണുന്നില്ലേ?

അറിയാം,
നിന്നോട് ചേര്‍ന്നിരിക്കാന്‍
എനിക്കാകില്ല.
നോക്കൂ,
പഞ്ഞിക്കിടക്കയില്‍
ആലസ്യപ്പെട്ടു കിടക്കുന്ന
നിലാ ധവളിമക്ക് ചുറ്റും
പ്രഭാതത്തിന്റെ
ചുവപ്പ് രാശി,
അതോ
അസ്തമനത്തിന്റെ
ചോര രാശി?
അല്ല,
എന്റെ മൂക്കുത്തി തിളക്കം .

അങ്ങ്,
നിലാ കൈകളോളം
ഉടല്‍ പറ്റാന്‍
കൊതി പൂണ്ടു
പാഞ്ഞുയര്‍ന്ന
മൂക്കുത്തി വെട്ടം,
നിന്റെ പാല്‍ വെളിച്ചത്തില്‍
കറ വീഴ്ത്താന്‍
ധൈര്യപ്പെടാതെ
അകന്നു നില്‍ക്കുന്നു
മൂക്കുത്തി പ്രണയമേ,
ഉരുകിയിറങ്ങൂ നീ,
പ്രപഞ്ചത്തിന്റെ
അഗാധതയിലെക്ക്
അലിഞ്ഞു ചേരുക.

നോക്കൂ,
ഇപ്പോള്‍
നിലാ വൃത്തത്തിനു പുറത്ത്
നീല കലര്‍ന്ന
മഴവില്ല്,
കുഞ്ഞു മേഘത്തിനും
മഴവില്ല് നിറം!

മാനം പരന്നു
ഇരുട്ടിലൂടൊരു പുഴ ,
നിലാക്കയത്തിലൊരു
പ്രാണന്റെ പിടച്ചില്‍,
നിലാ വെളിച്ചത്തില്‍
ഒരു ആത്മാവ്,
കിനാ വള്ളി മേലൊരു
സ്വപ്നപ്പൂവ്.

നീയിപ്പോള്‍
എന്നോട്
ചേര്‍ന്നാണിരിക്കുന്നത്,
വട്ടം ചുറ്റി പരന്ന
മഴവില്ല് വൃത്തത്തിനു
നടുവില്‍ തിളങ്ങുന്ന തിങ്കള്‍ !

ദൈവത്തിന്റെ കൃഷ്ണമണി!

ആ നോട്ടത്തില്‍
എനിക്ക് ശരീരം വിറക്കുന്നു,
നിന്‍റെ കയ്യിലെ എന്‍റെ ഹൃദയവും
വിറ കൊള്ളുന്നു.

താഴെ
നിന്നെയോര്‍ത്ത്
മയങ്ങുന്ന
സുന്ദരിപ്പെണ്ണ്‍ കിടാവിനരികിലെക്ക്
ഇനി നീ ചേര്‍ന്നു കൊള്ളുക .
ഇവിടെ ഇ നിലാ നൂലുകളില്‍
ഊയലാടി
ഒഴുകിപ്പരന്നു
ഞാന്‍
നിന്നെ കാണും,
ചേര്‍ന്നാലും ചേരാത്ത
ചന്ദ്രിക മഴവില്ല് പോലെ
നിന്നോട് ചേര്‍ന്നിരിക്കും.

ഒരു നാള്‍
തെളിഞ്ഞ മാനത്ത്
തിങ്കള്‍ഉദിക്കുമ്പോള്‍
നിറമില്ലാത്ത
മാരിവില്ലായി
ഞാന്‍
മറഞ്ഞു നില്‍ക്കും.

അപ്പോഴും
നിന്‍റെ ഉള്ളം കയ്യിലെ
എന്‍റെ സ്വപ്നങ്ങളെ
നീ
മറന്നു കളയരുത്,
പൊടിഞ്ഞു തൂളിയ
മൂക്കുത്തി കല്ലിനെയും.

മറന്നാല്‍
ഞാനില്ലാത്ത
എന്‍റെ ഹൃദയത്തിനു
വേദനിക്കും,
നീ അറിഞ്ഞില്ലെങ്കിലും....
Related Posts Plugin for WordPress, Blogger...

Pages