Monday, September 29, 2014

കറുത്ത പൂമ്പാറ്റ

വാര്‍ത്തകള്‍ അടുക്കി വെച്ച് നേരം വൈകാതെ പേജ് ഇറക്കാനുള്ള തത്രപ്പാടിനിടയിലാണ് ഒരു കറുത്ത പൂമ്പാറ്റ പാറി വന്നു മൂക്കില്‍ തൊട്ടത്. നാല് എസി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മുറിയില്‍ ഇതെവിടെ നിന്ന് വന്നെന്നു ഞാന്‍ അത്ഭുതപ്പെട്ടു. അതിനിടയില്‍ ടാബ്ലെറ്റിന്‍റെ സ്ക്രീനില്‍ വന്നു രണ്ടോ മൂന്നോ തവണ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഒഴുകി നീങ്ങിയ ശേഷം ആ നിശാ ശലഭം എന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറന്നു. ഓരോ തവണയും സ്ക്രീന്‍ പ്രകാശിച്ചു. അപ്പോള്‍ സ്ക്രീന്‍ സേവറായി ഇട്ടിരുന്ന പടം ഓരോ തവണയും തെളിഞ്ഞു . ഞാനും എന്‍റെ പ്രണയ പങ്കാളിയും ആ പടത്തില്‍ ചേര്‍ന്ന് ഇരുന്നിരുന്നു. നേരത്തെയും എന്‍റെ മുറിയില്‍ ഇരുന്നു അവനോടു പ്രണയം പറയുമ്പോള്‍ രണ്ടോ ­­മൂന്നോ കറുത്ത പൂമ്പാറ്റകള്‍ മുറിയിലേക്ക് ഒന്നും മിണ്ടാതെ കയറി വന്നിരുന്നു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍ - അത് ഞാനാണ് , നിന്റെ അടുത്ത് വന്നതാണ് –എന്ന് കാതരമായി ,മൊഴിഞ്ഞപ്പോള്‍ ഞാന്‍ ഹൃദയം തുറന്നു ചിരിച്ചു. അവനും കൂടെ ചിരിച്ചു. എന്നാല്‍ കറുത്ത പൂമ്പാറ്റകള്‍ മരിച്ചു പോയവരുടെ ആത്മാക്കളാണ് എന്ന് കുട്ടിക്കാലത്തെ കഥകള്‍ കേട്ട ഒരു കുട്ടി മ­­­നസ്സില്‍ വിഷാദത്തോടെ മുഖം താഴ്ത്തി. കാലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ആ കുട്ടി കണ്ണീര്‍ വാര്‍ത്തു നിശബ്ദമായി കരഞ്ഞു. ചിരി പെട്ടെന്നു നിന്നതും വാക്കുകള്‍ വാര്‍ന്നു വീഴാന്‍ സമയമെടുത്തതും എന്തോ സങ്കടമാണെന്ന് അങ്ങേത്തലക്കലിരുന്ന് അവന്‍ മനസ് വായിച്ചു. നീയെന്താ ഓര്‍ക്കുന്നത് എന്ന അവന്‍റെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ സങ്കടം തിങ്ങി ഞാനിരുന്നു. കറുത്ത പൂമ്പാറ്റകള്‍ മരിച്ചവരുടെ ആത്മാക്കളാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ - പ്രസരിപ്പ് നിറച്ചു വച്ച ചിരികൊണ്ട് അവനെന്നെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു. പുറത്തു കനത്തു നിന്ന കാര്‍മേഘം നെഞ്ചില്‍ ഘനം വച്ചു. ഫോണിന്‍റെ അങ്ങേതലക്കിലിരുന്നു വാക്കുകള്‍ കൊണ്ട് അവനെന്നെ  ഗാഡമായി പുണര്‍ന്നു. അവനെന്നെ മകളെയെന്ന പോലെ വാല്‍സല്യം കൊണ്ട് നിറച്ചു.

അവന്‍റെ ഫോണ്‍ വിളി മേശപ്പുറത്ത് വൈബ്രെറ്റ്‌ ചെയ്തപ്പോഴാണ് ഞാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനിലെ വാര്‍ത്തകളെ അവിടെ തലക്കാലം നിശ്ചലമാക്കി ഞാന്‍ ഫോണെടുത്തു. ഒരു മിനിറ്റ് നേരത്തേക്ക് സംസാരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം കഴിഞ്ഞ ദിവസം കരച്ചിലിനിടയിലും പുഞ്ചിരിച്ച മനസിനുള്ളിലെ ആ കുട്ടി വീണ്ടും കരച്ചില്‍ തുടങ്ങിയിരുന്നു. ഫോണുമായി ചില്ല് വാതിലിനപ്പുറം കടക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി, അപ്പോഴതാ ചരമ പേജു ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും കുറെ കറുത്ത പൂമ്പാറ്റകള്‍ പരന്നുയരുകയും തിരികെ കയറുകയും ചെയ്തു കൊണ്ടേയിരുന്നു  
Related Posts Plugin for WordPress, Blogger...

Pages