Friday, April 17, 2015

എല്ലിന്‍കിലുക്കത്തിലൊരു ആത്മാവ്
രണ്ടോ മൂന്നോ മഴ 
നിന്നു കൊണ്ടാലും 
ഒഴിഞ്ഞു പോകാത്ത വിധം 
ഒരാത്മാവു കൂടി 
നെഞ്ചിന്‍കൂട്ടിനുള്ളില്‍ 
വല കെട്ടിത്തുടങ്ങി!
ഇറങ്ങിപ്പോ എന്ന്
കരഞ്ഞു പറഞ്ഞിട്ടും
കൂട്ടാക്കാത്തൊരാള്‍!
ഇഴഞ്ഞ് നീങ്ങിപ്പൊകാന്‍കൂടി
കെല്‍പ്പില്ലാത്തൊരാത്മാവ്!
തുണിയില്‍ തേങ്ങച്ചുറ്റിത്തല്ലിത്തകര്‍ന്ന
എല്ലിന്‍കൂടിന്‍റെ കിലുക്കം
സഹിക്കാന്‍ പറ്റുന്നില്ല!
ശ്വാസമെടുക്കാന്‍ പേടിയാകുന്നു! 
എന്‍റെയോരോ നിശ്വാസക്കാറ്റുംത്തട്ടി
അയാള്‍ വേദനിച്ച് വിങ്ങിക്കരയുന്നു,
ആ കരച്ചിലെനിക്കു സഹിക്കുന്നില്ല!

Monday, September 29, 2014

കറുത്ത പൂമ്പാറ്റ

വാര്‍ത്തകള്‍ അടുക്കി വെച്ച് നേരം വൈകാതെ പേജ് ഇറക്കാനുള്ള തത്രപ്പാടിനിടയിലാണ് ഒരു കറുത്ത പൂമ്പാറ്റ പാറി വന്നു മൂക്കില്‍ തൊട്ടത്. നാല് എസി ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന മുറിയില്‍ ഇതെവിടെ നിന്ന് വന്നെന്നു ഞാന്‍ അത്ഭുതപ്പെട്ടു. അതിനിടയില്‍ ടാബ്ലെറ്റിന്‍റെ സ്ക്രീനില്‍ വന്നു രണ്ടോ മൂന്നോ തവണ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ ഒഴുകി നീങ്ങിയ ശേഷം ആ നിശാ ശലഭം എന്റെ തലയ്ക്കു ചുറ്റും വട്ടമിട്ടു പറന്നു. ഓരോ തവണയും സ്ക്രീന്‍ പ്രകാശിച്ചു. അപ്പോള്‍ സ്ക്രീന്‍ സേവറായി ഇട്ടിരുന്ന പടം ഓരോ തവണയും തെളിഞ്ഞു . ഞാനും എന്‍റെ പ്രണയ പങ്കാളിയും ആ പടത്തില്‍ ചേര്‍ന്ന് ഇരുന്നിരുന്നു. നേരത്തെയും എന്‍റെ മുറിയില്‍ ഇരുന്നു അവനോടു പ്രണയം പറയുമ്പോള്‍ രണ്ടോ ­­മൂന്നോ കറുത്ത പൂമ്പാറ്റകള്‍ മുറിയിലേക്ക് ഒന്നും മിണ്ടാതെ കയറി വന്നിരുന്നു. ഞാനിക്കാര്യം പറഞ്ഞപ്പോള്‍ - അത് ഞാനാണ് , നിന്റെ അടുത്ത് വന്നതാണ് –എന്ന് കാതരമായി ,മൊഴിഞ്ഞപ്പോള്‍ ഞാന്‍ ഹൃദയം തുറന്നു ചിരിച്ചു. അവനും കൂടെ ചിരിച്ചു. എന്നാല്‍ കറുത്ത പൂമ്പാറ്റകള്‍ മരിച്ചു പോയവരുടെ ആത്മാക്കളാണ് എന്ന് കുട്ടിക്കാലത്തെ കഥകള്‍ കേട്ട ഒരു കുട്ടി മ­­­നസ്സില്‍ വിഷാദത്തോടെ മുഖം താഴ്ത്തി. കാലുകള്‍ക്കിടയില്‍ മുഖം പൂഴ്ത്തി ആ കുട്ടി കണ്ണീര്‍ വാര്‍ത്തു നിശബ്ദമായി കരഞ്ഞു. ചിരി പെട്ടെന്നു നിന്നതും വാക്കുകള്‍ വാര്‍ന്നു വീഴാന്‍ സമയമെടുത്തതും എന്തോ സങ്കടമാണെന്ന് അങ്ങേത്തലക്കലിരുന്ന് അവന്‍ മനസ് വായിച്ചു. നീയെന്താ ഓര്‍ക്കുന്നത് എന്ന അവന്‍റെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ സങ്കടം തിങ്ങി ഞാനിരുന്നു. കറുത്ത പൂമ്പാറ്റകള്‍ മരിച്ചവരുടെ ആത്മാക്കളാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ - പ്രസരിപ്പ് നിറച്ചു വച്ച ചിരികൊണ്ട് അവനെന്നെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ചു. പുറത്തു കനത്തു നിന്ന കാര്‍മേഘം നെഞ്ചില്‍ ഘനം വച്ചു. ഫോണിന്‍റെ അങ്ങേതലക്കിലിരുന്നു വാക്കുകള്‍ കൊണ്ട് അവനെന്നെ  ഗാഡമായി പുണര്‍ന്നു. അവനെന്നെ മകളെയെന്ന പോലെ വാല്‍സല്യം കൊണ്ട് നിറച്ചു.

അവന്‍റെ ഫോണ്‍ വിളി മേശപ്പുറത്ത് വൈബ്രെറ്റ്‌ ചെയ്തപ്പോഴാണ് ഞാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനിലെ വാര്‍ത്തകളെ അവിടെ തലക്കാലം നിശ്ചലമാക്കി ഞാന്‍ ഫോണെടുത്തു. ഒരു മിനിറ്റ് നേരത്തേക്ക് സംസാരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. കാരണം കഴിഞ്ഞ ദിവസം കരച്ചിലിനിടയിലും പുഞ്ചിരിച്ച മനസിനുള്ളിലെ ആ കുട്ടി വീണ്ടും കരച്ചില്‍ തുടങ്ങിയിരുന്നു. ഫോണുമായി ചില്ല് വാതിലിനപ്പുറം കടക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി, അപ്പോഴതാ ചരമ പേജു ചെയ്യുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നിന്നും കുറെ കറുത്ത പൂമ്പാറ്റകള്‍ പരന്നുയരുകയും തിരികെ കയറുകയും ചെയ്തു കൊണ്ടേയിരുന്നു  

Thursday, June 5, 2014

കാലവര്‍ഷം

കാലം പെയ്ത്തു തുടങ്ങി
പുലരികളിലെ കുളിര്‍ കുമിളകള്‍ 
പുതപ്പിനടിയില്‍ നിന്റെ ഓര്‍മ്മച്ചൂടും  !

Wednesday, June 4, 2014

കാവടിത്തുണ്ട്

ആനയേക്കാള്‍ ചന്തമുണ്ട് 
കാവടിയാട്ടത്തിന് !

ഹനുമാന്‍ പ്രതിഷ്ഠാമുറ്റത്ത്‌
മഞ്ഞപ്പാലപ്പൂക്കള്‍
വിരിഞ്ഞു വീണ നടയില്‍ /
പീലിയും പൂക്കളും നിറഞ്ഞ
കാവടിയാട്ടം കാണാനൊരു
പോക്കുണ്ട്,
പെട്രോമാക്സുകളുടെ
ധവളിമയില്‍
വെട്ടിത്തിളങ്ങുന്ന വര്‍ണചെണ്ടുകള്‍,
കണ്ണടക്കുമ്പോള്‍
മിന്നിത്തിളങ്ങി,
ഇരട്ടി'ച്ചിരട്ടിച്ചി'രട്ടിച്ചൊരു കാവടി  
വിരിഞ്ഞു തുള്ളുന്നു,
പൂക്കാവടി.
കാവടിക്കൊപ്പം മേളത്തില്‍
തുള്ളിതുള്ളി ഞങ്ങള്‍ കുട്ടികളും.


കരകാട്ട മേളം,
പതിഞ്ഞങ്ങനെ ആടിയാടി , 
വട്ടം കറങ്ങി,
കുലുങ്ങിക്കുലുങ്ങി, 
തിടം വച്ച് കനത്തില്‍ കറങ്ങി ,
കറങ്ങിക്കറങ്ങി,
വെട്ടിത്തിളങ്ങി
വിറച്ചുത്തുള്ളി കറങ്ങുമെന്‍ കാവടി ,
പെരുക്കത്തിലമരാന്‍
അച്ഛന്റെ വിരല്‍ കുടഞ്ഞ്
കാവടി നിഴലിലെക്കോടുന്നു,
വീണ്ടും ഞാന്‍ കുട്ടിയാകുന്നു.

പത്തുനാള്‍ മുന്‍പൊന്നു
പോയതാണ് കാവടി പുരയില്‍.
കൈനീട്ടം വാങ്ങിയ
കാവടി ചെണ്ടൊന്നിനെ
ആകാശം കാണിച്ച്
പെരുപ്പിച്ചു പെരുപ്പിച്ചു
വെള്ളക്കുമ്മായച്ചുമരില്‍
കണ്ടതാണ് ഞാന്‍ 
ചെണ്ടൊന്നല്ല, രണ്ടല്ല
നൂറല്ല നൂറായിരം.

ഒരിക്കല്‍ കൂടി പോകണം,
ആട്ടം കാണണം
ആടണം,
ആടിത്തുള്ളണം ,
ഓര്‍മക്കാറ്റില്‍ 
ആലിന്‍റെയിലക്കും 
കാവടി ചെണ്ടുകള്‍ക്കും
ഒരേ പെരുക്കം ,
ഒരേ ഇളക്കം ! Friday, April 18, 2014

മനുഭൂമി

ഇന്നു ഞാനെന്‍റെ ഹൃദയമൊരു മരുഭൂമിയാക്കും
മഴയെ(ത പെയ്താലും
നനവൊട്ടുമേയില്ലാത്ത,
മരുപ്പച്ച കിളിർക്കാത്ത
മനുഭൂമി

ഗുഡ് ഫ്രൈഡേ

നരഭോജികളെ ,
ഇതെന്‍റെ ഹൃദയം,
ഇതെന്‍റെ രക്തം .

ഇറച്ചി തിന്നും
മദ്യം കുടിച്ചും അര്‍മാദിക്ക !

എന്‍റെ നാമത്തില്‍
നിങ്ങളൊന്നിച്ചു കൂടുമ്പോള്‍
എന്‍റെ ഓര്‍മക്കായി
ഇത് ചെയ്യുവിന്‍ 

Friday, January 31, 2014

പ്രണയത്തം
പെണ്ണത്തം 
അമ്മത്തം
വായാടിത്തം 
പ്രണയത്തം ......
നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍
ഞാന്‍ നിനക്ക് വേണ്ടി പരതിക്കൊണ്ടേയിരിക്കുന്നു..


നീല കല്ലു പതിച്ച വെള്ളിമോതിരം
ആമാടപ്പെട്ടിയിലിപ്പോഴും .....

ഇതാണ് തിരിച്ചറിവ് .

Saturday, January 4, 2014

ഈറ്റില്ലം

തേരട്ടകള്‍ 
മഞ്ഞക്കുത്തുകള്‍
പിരിപ്പിര് കാലുകള്‍ 
കറുത്ത ഉടല്‍ 
ചര്‍ദ്ദിപ്പിക്കും മണം


ആയിരം കാലുള്ള കുഞ്ഞുങ്ങളെ
എന്റെ കിടപ്പ് മുറിയില്‍
പെറ്റ്കൂട്ടുന്നത്‌
എന്തിനാണ് ?
എന്റെ തലമുടിയില്‍
അരിച്ചു കയറുന്നത് എന്തിനാണ് ?
ഇത് നിന്റെ ഈറ്റില്ലമല്ലലേബല്‍ - അറപ്പ്

Tuesday, October 22, 2013

Sunday, June 30, 2013

മഴ


പകല്‍ മുഴുവന്‍ വെയിലായിരുന്നു 
അപ്പോള്‍ ചങ്ങാതി മഴ നനയാന്‍ ക്ഷണിച്ചു
ആകാശം കത്തുന്ന നേരത്താണ് കയറി ചെന്നത്
എന്നിട്ടും നനഞ്ഞു.


Related Posts Plugin for WordPress, Blogger...

Pages