Wednesday, March 10, 2010

ബലിത്തുള്ളി




(photo: കടപാട് : പി.ബി. ബിജൂ, ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ , മാധ്യമം )

കണ്ണ് പുകയുമ്പോഴും
കണ്ണീരു വീഴ്ത്താതെയാണ്
അവസാന ചുബനം നല്‍കിയത്...
ചുണ്ടുകളില്‍
മരണത്തിന്‍റെ തണുപ്പ്‌ പടര്‍ന്നപ്പോള്‍
ഞാന്‍ മുഖം വെട്ടിച്ചത്,
അച്ഛനറിഞ്ഞിരിക്കില്ല...
അച്ഛനെ പോലെ
എനിക്കും മരണത്തെ പേടിയാണ്..
ഊര്‍ദ്ധന്‍ വലിക്കുന്നതിന് മുന്നേ
ഒരു നോക്ക് കാണണമെന്ന്
പറഞ്ഞിരുന്നോ,
അടുത്ത നിന്നിരുന്ന അമ്മ
പിന്നീട് എപ്പോഴെങ്കിലും
അത് പറഞ്ഞതായി
എനിക്ക് ഓര്‍മയില്ല.
ഒടുവിലെ ഉച്ഛാസ്വത്തിനൊപ്പം
ഒരു കുമ്പിള്‍ രക്തം
ഒഴുകിയിറങ്ങിയെന്നത്‌
മാത്രമാണ് അമ്മ വിലപിച്ചത്...
എന്നോട്  പറയാതെ പോയതു കൊണ്ടാണ്
 മരണം പുതച്ച്‌ ഉറങ്ങുന്ന അച്ഛനെ
കാണേണ്ടയെന്നു
വാശി പിടിച്ചത് ,
എന്‍റെ കുരുത്തക്കേട്.
മണ്ണ് കോരിയിടാന്‍
ശവ മഞ്ചത്തിന്റെ മൂടി
അടക്കും വരെയും
നോക്കിയില്ല,
അച്ഛനതും അറിഞ്ഞിരിക്കില്ല,
ഇനിയൊരുമ്മ നല്കാനാകില്ലെന്നു പറഞ്ഞ്
അച്ഛന്‍പെങ്ങള്‍
ബലമായി മുഖം തിരിച്ചപ്പോഴാണ്,
അവസാനമായി കണ്ടത്,
അപ്പോഴും
പുഞ്ചിരി വിട്ടൊഴിഞ്ഞിരുന്നില്ല.
കണ്ണീരു വീഴ്ത്തി
മോക്ഷം നല്‍കേണ്ടിയിരുന്ന
ഈ മകള്‍ക്ക്
ഇപ്പോള്‍ സങ്കടം തിങ്ങുന്നു...
കടം വീട്ടാന്‍
ഇനിയെത്ര കണ്ണീരു വീഴ്ത്തണമെന്ന്
ആരാണ് പറഞ്ഞ് തരിക?
ദര്‍ഭ മുന കൊണ്ട്
കീറുന്നുണ്ടെങ്കിലും
ബലിയിടാതെ വയ്യ...
മനസ്സിലെ ബലിപ്പടവില്‍
ഞാനിപ്പോള്‍ തര്‍പ്പണം ചെയ്യുന്നു,
നഷ്ടപ്പെട്ട ഉറക്കങ്ങള്‍ക്കായി,
ഇനിയും
ഉറക്കം നഷ്ടപ്പെടാതിരിക്കാനായി മാത്രം ,
ബലിയിടാതെ വയ്യ...
പൊറുത്തേക്കുക...
പിന്നെ,
സ്വീകരിക്കുക
ഈ ബലിത്തുള്ളി ....
Related Posts Plugin for WordPress, Blogger...

Pages