Tuesday, August 9, 2011

അഹങ്കാരം

                കാരമിട്ടു കഴുകിയുണക്കി
                തല്ലിയലക്കിയിട്ടും
                പിന്നെയും പരുപരുപ്പ്




 








സ്ഥലകാല വിഭ്രമം

















തനിച്ചല്ല ഞാനെന്നു -
തോന്നും-
സ്ഥലകാല വിഭ്രമം
മായ
മറുക്
ചാത്തന്‍
തെറി
പിന്നെയൊരു പുണരല്‍
ആഹാ
തനിച്ചിരിക്കുകയെത്ര സുഖമെന്റെ
ഏകാന്തതേ നീ-
യെവിടെയായിരുന്നിത്ര നാളും
പിണങ്ങാന്‍ മാത്രം
ഞാനെന്തു ചെയ്തു!!!

Tuesday, June 14, 2011

മരണ മൊഴി





എഴുന്നേറ്റിരുന്നു പറയണമെന്നുണ്ട്,
എന്നെ കൊന്നത് നീയാണെന്ന്.
വെട്ടി മുറിക്കല്‍ തുടങ്ങുമ്പോഴാകും
സംസാരിക്കാനാകുക  ,
ആര്‍ക്കറിയാം?

പണ്ട് കുട്ടിക്കാലത്ത്
അമ്മ പറഞ്ഞിരുന്ന
കെട്ടു കഥകളില്‍
മറ്റൊന്നു മാത്രമാകാം,
കണ്ണടഞ്ഞു പോയാലും
പോസ്ടുമോര്‍ട്ടം മേശക്കു മുകളില്‍ കിടന്ന്‌
ശവം  സംസാരിക്കുമത്രേ!

കരളു  പറിച്ചാണ് കൊന്നത്,
ഇനിയെനിക്കീ
ഡോക്ടര്‍ മാത്രമാണ് 
അവസാന പ്രതീക്ഷ!


മഴനൂലില്‍ കൊളുത്തിയിടാമോ
താഴെ വീഴ്ത്തില്ലെന്നു ഉറപ്പ്,
ഞാനത് വിശ്വസിച്ചു,
കടല്‍ പാലത്തിനു മുകളില്‍ നിന്നാല്‍
ഒരു കാഴ്ച കാണിക്കാമെന്നു നീ,
കടലോളം പേക്കിനാവ് കാണുന്ന കടലില്‍
 മഴനൂലിന്റെ കെട്ടു  നീ പൊട്ടിച്ചിട്ടു.

എന്റെയീ തലയോട്ടി പിളര്‍ക്കും മുന്‍പെന്നെ
എഴുന്നേല്‍പ്പിച്ചിരുത്താമോ ?
ഒന്ന് കൂടി പറയാനുണ്ട്,
മഞ്ഞു കാറ്റിന്റെ  ചുഴിയില്‍പെട്ട്
കടലില്‍ വീഴും മുന്‍പ്‌ 
നിന്നോട് പറയാന്‍
നാവടഞ്ഞു പോയ
എന്റെ മരണ മൊഴി,
അതിപ്പോള്‍ രേഖപ്പെടുത്താമോ?


"ഇപ്പോഴും  ഞാന്‍ നിന്നെ പ്രണയിക്കുന്നു".


******************************

http://vettamonline.com/?p=7767
വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്   


Sunday, June 12, 2011

സൌജന്യ മെഡിക്കല്‍ ക്യാമ്പ്‌

















 ഹൃദയത്തിനു
താള ബോധമില്ലെന്നു ഡോക്ടര്‍!
പണ്ടാരമടങ്ങാന്‍!
ഉള്ള "ബോധം" കൂടി പോകുമല്ലോ!
സ്ത്രീ നഗ്നത പ്രദര്‍ശന വസ്തുവല്ലെന്ന്
നൂറിനു നൂറ്റിപ്പത്തു തവണ
എഴുതുകയും പറയുകയും
ചെയ്യുന്നവരല്ലേയെന്നു കരുതിയാകണം
 -ഇവിടെ വേണ്ട
 ഇ.സി.ജി എടുക്കാന്‍
ആശുപത്രിയിലെത്താന്‍
ജൂനിയര്‍ ഡോക്ടര്‍
(അല്പമൊക്കെ കാണാതെയും
കാണിക്കാതെയും എന്ത് ജീവിതം,
ഡോക്ടറെ ?)

ചോരക്ക് സമ്മര്‍ദ്ദ ശേഷിയുണ്ടെന്ന്
ജൂനിയറിന്റെ  കയ്യിലെ ചീട്ട്‌,
ചെറുപ്പത്തിലെ സംഗീതം പഠിപ്പിക്കാന്‍
വിട്ടില്ല , ഇനിയാരു ഗുരുവാകും , കഷ്ടം!
ഇനി പഠിപ്പിച്ചാല്‍ മതിയോ ഡാക്കിട്ടരെ ?

നിമിഷകണക്കില്‍  
എണ്ണം തികക്കാന്‍
ഹൃദയം മിടുക്കനാത്രേ!
പണ്ട് സ്കൂള്‍ പരീക്ഷക്ക്‌
എല്ലാ ചോദ്യവും ഉത്തരിച്ചിരുന്നല്ലോ ,
സത്യമാണ്, താള ബോധമില്ലാതെയാണ്
പരീക്ഷ എഴുതിയത്!


ഗുളിക കഴിക്കാന്‍ മടിയാണന്നല്ലേ ,
-ഡോക്ടറുടെ ചോദ്യം!!
പേടിക്കാനില്ല,
ആയിരത്തില്‍ ഒരുവനു
അലഭ്യ ഭാഗ്യ ശ്രീ ,
മരുന്നൊന്നുമില്ല,
മോക്ഷം എളുപ്പം.

പറ്റുമെങ്കില്‍
കൊടുത്തേല്‍പ്പിച്ച
ഹൃദയമിങ്ങു വാങ്ങിയേരെ,
അല്ലാതെ ഒന്നുമില്ല
ഓ!
ഈ മൂത്ത ഡാക്കിട്ടരുടെ
ഒരു കാര്യം!
   

Saturday, March 12, 2011

അപരിചിതന്‍




























ഇന്ന് പുലര്‍ച്ചെ
പ്രണയക്കിടക്കയില്‍
അലസം മറിഞ്ഞു കിടക്കവേ
ഒരപരിചിതനു മേലെന്നുടല്‍ തട്ടി,
പുഴയില്‍
പെട്ടെന്നൊരു മൃതദേഹം
കണ്ണു മിഴിച്ചു.
മരിച്ചോഴുകുന്ന
ദേഹത്തിനിപ്പോള്‍
തണ്ക്കുന്നുണ്ടത്രേ  !
അത്‌,
ആ ശവം,
എന്റെ സ്വപ്നങ്ങളില്‍
കരഞ്ഞ് ആര്‍ത്തലക്കുന്നു.
പുഴയോരത്തെ വീട്ടില്‍
നേരിപ്പോടിനരികെയിരുന്നു
ചൂട് കൊള്ളണമത്രേ!

നീന്തല്‍ അറിയാത്ത
ഞാനെങ്ങനെ,
ഹാ,മരിച്ചവനേ
നിന്നെ രക്ഷിക്കും?
മരിച്ചവന്‍ ഒന്ന് ചിരിച്ചോ?

കണ്‍ പോള  മരിച്ചടഞ്ഞെങ്കിലും
ഞാനറിയുന്നു,
എന്റെ കിടക്കയിലിപ്പോള്‍
പുഴയൊഴുകുന്നു,

ഇപ്പോള്‍
എനിക്കാണ് തണുക്കുന്നത്.
തീര്‍ച്ചകള്‍ക്കും
മരണം സംഭവിക്കാമെന്നു
ഞാനിപ്പോള്‍ അറിയുന്നു!

ചങ്ങാതിമാര്‍ക്ക്  ഇടയില്‍
ഒരു  അപരിചിതന്‍ 
അടുത്ത്‌  തന്നെ  ഉടലെടുക്കും.





Monday, January 31, 2011

നീതി







ഭാവിയില്‍ 
വിരഹ കഥകളെഴുതാന്‍ മാത്രം 
പാവമൊരു പെണ്‍കുട്ടിയെ പ്രണയിച്ച 
ഒരു ചങ്ങാതിയുണ്ടെനിക്ക് . 
സര്‍വജ്ഞ പീഠം കയറുന്നതിനു 
തൊട്ടു മുന്‍പ്‌ 
അറിവില്ലാതിരുന്ന
ദാമ്പത്യ സുഖത്തിനായി 
രാജകുമാരനിലേക്ക് 
കായ പ്രവേശം നടത്തിയ
സന്യാസി വര്യനായിരുന്നു
അവന്റെ മാതൃകാ പുരുഷന്‍!
(പാവം രാജകുമാരി എന്ത് പിഴച്ചു?)


അവനുമൊരു മുനിയായിരുന്നു.
ആദ്യമാദ്യം
രാത്രിയില്‍
ഉറക്കത്തിലേക്കുള്ള 
നീളം കുറഞ്ഞ ഇടനാഴികളില്‍,
മഹാ മൌനങ്ങള്‍ക്കും
വാഗ് സ്ഫുലിംഗങ്ങള്‍ക്കും ഇടക്കുള്ള
മഴ തണുപ്പില്‍,
ഗൂഡ സ്മിതങ്ങള്‍ക്കും
പുഷ്പിക്കലുകള്‍ക്കുമിടക്ക്   
ആര്‍ക്കോ കളഞ്ഞു പോയ
സമയത്തിന്റെ ചില അപൂര്‍വ മാത്രകളില്‍ മാത്രം
വരയിടാത്ത  താളില്‍
പേനത്തുമ്പറിയാതെ 
മഷി പടര്‍ത്തി.
അപ്പോഴൊക്കെയും
പുലര്‍കാല സ്ഖലനങ്ങള്‍ക്ക്
അവകാശിയില്ലാത്തത്‌
നീതി കേടെന്നു കണ്ട്‌
അവന്‍ ദുഖിച്ചു.
(നിയമങ്ങളില്ലാത്ത ലോകം അവന്‌ വീര്‍പ്പു മുട്ടലുണ്ടാക്കും ) 


കൃഷ്ണേ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു-
മനസിലെ കളിമണ്ണ്  പ്രതിമയെ
കണ്ടെടുത്ത നിമിഷം 
അവന്‍ പ്രണയ ശ്വാസമൂതി.
മുടിയില്‍ നീല മയില്‍ പീലികള്‍,
കഴുത്തില്‍ പേര് കൊത്തിയ വലം പിരി ശംഖ്
(അത്‌ മുഴക്കിയാല്‍ അവന്‍ പാഞ്ഞെത്തും )  ,
കണ്ണില്‍ കര്‍പ്പൂരം ചാലിച്ച കരിമഷി,
നഖത്തില്‍ മൈലാഞ്ചി ചോപ്പ്,
ഉടലില്‍ ചന്ദന തൈലം,
ഉടുക്കാന്‍ വെണ്‍മേഘ കുപ്പായം,
അവന്റെതല്ലാത്ത ഒന്നും അവളിലില്ലായിരുന്നു .   

പിന്നീടുള്ള പുലരികളില്‍
അവളെ സ്വപ്നം കണ്ട്‌
കുറ്റബോധമില്ലാതെ
അവന്‍  സ്ഖലിച്ചു.
കയ്യില്‍ നീല പടര്‍ന്നപ്പോള്‍
അവനതു തൊട്ട്‌  കവിതയെഴുതി,
കൃഷ്ണയുടെ പ്രണയം,
കാറ്റിനോടും കരിയിലയോടും
കവിത ചൊല്ലി,
കാര്‍മേഘമത്  മഴയായി മൂളി,
ഭൂമിയത്  പുഴയായൊഴുക്കി, 
കടലിനു നടുവിലെ
സുവര്‍ണ ദ്വീപിലേക്ക്
പുഴയിലൂടെ അവന്‍ വള്ളമൂന്നി,
ദ്വീപിലെ രാജാവിന്റെ മകള്‍
അവനു വേണ്ടി പണ്ടേ  പറഞ്ഞുറപ്പിച്ചവള്‍  !
(പാവം കൃഷ്നയെന്തു പിഴച്ചു!)
 ദ്വീപോരം പതുക്കെ
കൃഷ്ണയെ കടലിലിറക്കി,
അവള്‍ അലിഞ്ഞു പോയി,
അവന്‍ തുഴഞ്ഞു പോയി.
അതപ്പോഴത്തെ നീതി!   

കൊട്ടാരത്തിലെത്തുന്നതിനു   മുന്‍പ്‌ 
അവന്‍ ആ വാര്‍ത്ത കേട്ടു-
രാജകുമാരി ഒളിച്ചോടി.


കാറ്റട്ടഹസിച്ചു  -
ഇതു ദൈവത്തിന്റെ നീതി !
Related Posts Plugin for WordPress, Blogger...

Pages