Thursday, June 5, 2014

കാലവര്‍ഷം

കാലം പെയ്ത്തു തുടങ്ങി
പുലരികളിലെ കുളിര്‍ കുമിളകള്‍ 
പുതപ്പിനടിയില്‍ നിന്റെ ഓര്‍മ്മച്ചൂടും  !

Wednesday, June 4, 2014

കാവടിത്തുണ്ട്

























ആനയേക്കാള്‍ ചന്തമുണ്ട് 
കാവടിയാട്ടത്തിന് !

ഹനുമാന്‍ പ്രതിഷ്ഠാമുറ്റത്ത്‌
മഞ്ഞപ്പാലപ്പൂക്കള്‍
വിരിഞ്ഞു വീണ നടയില്‍ /
പീലിയും പൂക്കളും നിറഞ്ഞ
കാവടിയാട്ടം കാണാനൊരു
പോക്കുണ്ട്,
പെട്രോമാക്സുകളുടെ
ധവളിമയില്‍
വെട്ടിത്തിളങ്ങുന്ന വര്‍ണചെണ്ടുകള്‍,
കണ്ണടക്കുമ്പോള്‍
മിന്നിത്തിളങ്ങി,
ഇരട്ടി'ച്ചിരട്ടിച്ചി'രട്ടിച്ചൊരു കാവടി  
വിരിഞ്ഞു തുള്ളുന്നു,
പൂക്കാവടി.
കാവടിക്കൊപ്പം മേളത്തില്‍
തുള്ളിതുള്ളി ഞങ്ങള്‍ കുട്ടികളും.


കരകാട്ട മേളം,
പതിഞ്ഞങ്ങനെ ആടിയാടി , 
വട്ടം കറങ്ങി,
കുലുങ്ങിക്കുലുങ്ങി, 
തിടം വച്ച് കനത്തില്‍ കറങ്ങി ,
കറങ്ങിക്കറങ്ങി,
വെട്ടിത്തിളങ്ങി
വിറച്ചുത്തുള്ളി കറങ്ങുമെന്‍ കാവടി ,
പെരുക്കത്തിലമരാന്‍
അച്ഛന്റെ വിരല്‍ കുടഞ്ഞ്
കാവടി നിഴലിലെക്കോടുന്നു,
വീണ്ടും ഞാന്‍ കുട്ടിയാകുന്നു.

പത്തുനാള്‍ മുന്‍പൊന്നു
പോയതാണ് കാവടി പുരയില്‍.
കൈനീട്ടം വാങ്ങിയ
കാവടി ചെണ്ടൊന്നിനെ
ആകാശം കാണിച്ച്
പെരുപ്പിച്ചു പെരുപ്പിച്ചു
വെള്ളക്കുമ്മായച്ചുമരില്‍
കണ്ടതാണ് ഞാന്‍ 
ചെണ്ടൊന്നല്ല, രണ്ടല്ല
നൂറല്ല നൂറായിരം.

ഒരിക്കല്‍ കൂടി പോകണം,
ആട്ടം കാണണം
ആടണം,
ആടിത്തുള്ളണം ,
ഓര്‍മക്കാറ്റില്‍ 
ആലിന്‍റെയിലക്കും 
കാവടി ചെണ്ടുകള്‍ക്കും
ഒരേ പെരുക്കം ,
ഒരേ ഇളക്കം ! 



Related Posts Plugin for WordPress, Blogger...

Pages