Wednesday, May 26, 2010

അന്നയുടെ ഉത്തമഗീതം

 ഭാഗം 1
******** 

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു! മരം പെയ്ത്ത് നിറുത്തിയിട്ടില്ല! അന്തരീക്ഷത്തില്‍ ഒലിവ് പൂക്കളുടെ ഉന്മത്ത ഗന്ധം. പാറക്കു മുകളിലേക്ക് പടര്‍ന്നു പന്തലിച്ച മരത്തില്‍ നിന്നും പൂക്കള്‍ കൊഴിഞ്ഞു വീഴുന്നുണ്ട്. മുന്നില്‍, അഗാധതയില്‍ കുതിച്ചൊഴുകുന്ന ജോര്‍ദാന്‍... തണുത്ത കാറ്റ് വീശിയടിക്കുന്നു...... അപ്പുറത്ത് കുന്നിന്‍ ചെരിവുകള്‍ ആകാശം മുട്ടി നില്‍ക്കുന്നിടത്ത് കാര്‍മേഘങ്ങള്‍ .. ഗത്സെമെന്‍ കുന്നിന്‍ മുകളിലേക്കുള്ള ഒറ്റയടി പാതക്കരികെ ചെമ്മരിയാട്ടിന്‍ കൂട്ടം മഴ കൊള്ളാതിരിക്കാന്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ കയറി നില്‍പ്പുണ്ട്.
ഇവിടെയിരുന്നാല്‍ അകലെ താഴ്വരയില്‍ ഇത്തിരി വെട്ടം പേറുന്ന കൊച്ചു വീടുകള്‍ കാണാം. മലയില്‍ നിന്നും താഴെ അഗാതതയിലെക്ക് കിഴ്ക്കണാംതൂക്ക് കിടക്കുന്ന പാറക്കു മുകളില്‍ ഒലിവു മരത്തിന്റെ ശാഖകള്‍ പച്ചില കൊണ്ട് തീര്‍ത്ത കുഞ്ഞു വീടിനകത്ത് മഴത്തണ്പ്പില്‍ നിന്നോട് ചേര്‍ന്നിരിക്കുന്നത് ആരും കാണില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. . ചുറ്റിലും മഴചീവീടുകളുടെ കിരുകിര ശബ്ദം! മരക്കൊമ്പുകളില്‍ അമ്മയറിയാതെ കൂടിറങ്ങി വന്ന മലയണ്ണാന്‍ കുഞ്ഞുങ്ങളുടെ കുസൃതി.പടര്‍ന്നു നില്‍ക്കുന്ന ഇഞ്ചപ്പുല്‍ പൊന്തയില്‍ ഇഴയന്‍ രാജാവിന്റെ ശീല്‍ക്കാരം കേള്‍ക്കുന്നു, എങ്കിലും നീ അടുത്തുള്ളപ്പോള്‍ ഞാനെന്തിനു പേടിക്കണം?
അന്നാ.....
അല്‍പ്പം മുന്‍പ് ചേര്‍ത്ത് നിറുത്തി നീ കാതരമായി വിളിച്ചത് കേട്ട് മനസ്സിപ്പോഴും തുള്ളിക്കുതിക്കുന്നു.. പ്രണയം എന്‍റെ കണ്ണുകളില്‍ കരിമഷി പടര്‍ത്തുന്നു..കാറ്റ് നമ്മുക്കിടയിലൂടെ കടന്നു പോകാന്‍ വാശി പിടിക്കുന്നുണ്ട്, അങ്ങനെ തോറ്റുകൊടുക്കാന്‍ വയ്യ, കുന്നിന്‍ ചെരിവിലെ ആട്ടിന്‍കൂട്ടത്തെ നോക്കാന്‍ നീ അല്‍പ്പമൊന്നു ചായുമ്പോഴല്ലാതെ , കള്ളക്കാറ്റെ , നിനെക്കെന്നോട് മുഖം വീര്‍പ്പിക്കേണ്ടി വരും.. ഒരുപാട് ആശിച്ചതാണ് ഈയൊരു നിമിഷത്തിനായി, നീ എന്റെതാണ് എന്നു കേള്‍ക്കാനായി... ഇനി വയ്യ, ഇതായെന്റെ വിരലുകളെ കോര്‍ത്ത്‌ പിടിക്കൂ. നിന്‍റെ തോളില്‍ തല ചയ്ചാകട്ടെ ഇനിയെന്റെ യാത്രകള്‍....
 
ഭാഗം 2
*********


photo courtesy- Jijasal -    വറ്റല്‍മുളക്


മൂന്നു വര്‍ഷം എത്ര പെട്ടന്നാണ് കൊഴിഞ്ഞു പോയത്! വരുന്ന മുന്തിരി വിളവെടുപ്പിനു ശേഷം ഞാന്‍ നിന്നെ എന്‍റെ വീട്ടുകാരിയാക്കുമെന്നു പലതവണ കാതില്‍ മൊഴിഞ്ഞപ്പോഴൊക്കെ ഒരുപാടു ആഹ്ലാദിച്ചു. പഴയ പോലെ ഗത്സെമെനിലെ പാറക്കൂട്ടത്തിന് മുകളിലെ പച്ചില ചാര്‍ത്തിനകത്തു നീ വരാത്തതിന്റെ പരിഭവമൊക്കെ ഒറ്റപ്പറച്ചിലില്‍ അലിഞ്ഞില്ലാതാകുമായിരുന്നു...
പ്രാര്‍ത്തിക്കാനെന്നു കൂട്ടുകാരോട് കളവു പറഞ്ഞ് ചില സായാഹ്നങ്ങളില്‍ മാത്രമാണ് നീ ഇപ്പോള്‍ ഗത്സെമെനിലെക്ക് വരുന്നത്. ബാക്കി സമയങ്ങളിലൊക്കെ യാക്കോബിന്റെയും യോഹന്നാനിന്റെയും കൂടെ നാട് നന്നാക്കലാണ്‌ പണി...മകനെ കാണാന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് മേരിയമ്മായി എന്നും കരച്ചിലാണ്. മകന്‍ വീട് വിട്ട്‌ ഇറങ്ങിയതോടെ യൌസേപ് അമ്മാവന് പണിശാലയില്‍ കൈസഹായത്തിനു ആളില്ലാതായി. പാവം അമ്മാവന്‍, ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. യേശു ജനിച്ചത്‌ മുതല്‍ മേരിയമ്മായിയെയും യൌസേപ് അമ്മാവനെയും നാട്ടുകാര്‍ കുത്ത് വാക്കുകള്‍ പറഞ്ഞ് കളിയാക്കുന്നുണ്ട്, ഇപ്പോഴും അതിനൊരു കുറവുമില്ല. അമ്മാവന്റെ മകനല്ല യേശു എന്നാണ് പറയുന്നത്. തന്തയാരെന്നറിയാത്തവന്‍ എന്നു നാട്ടുകാര്‍ പറയുന്നത് കേട്ട് യേശു മാറിയിരുന്നു കരയുന്നത് പലതവണ കണ്ടിട്ടുണ്ട്. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരഞ്ഞിരുന്ന യേശു, പുരോഹിതന്മാരെയും പ്രമാണിമാരെയും ചോദ്യം ചെയ്യുന്നുന്വേന്നു കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. നേരത്തെ ഏലിശ്വാ അമ്മായിക്ക് വയസ്സ് കാലത്ത് ഉണ്ടായ ഒരേയൊരു മകന്‍ യോഹന്നാന്‍ രാജാവിനെയും പുരോഹിതരെയും എതിര്‍ത്ത് സംസാരിച്ചതിന് തടവിലാക്കപ്പെടുകയും തല കൊയ്യപ്പെടുകയും ചെയ്തതാണ്. അക്കാര്യമോര്‍ക്കുമ്പോള്‍ നെഞ്ച് പിടയുന്നു, എല്ലാ തവണയും കാണുമ്പോള്‍ യേശുവിനോട് പറയാറുണ്ട്, ഇനി പുരോഹിതര്‍ക്കെതിരെ ഒന്നും പറയരുത് എന്ന്... എന്ത് പറഞ്ഞിട്ടു എന്ത് കാര്യം! നെഞ്ച് നീറാന്‍ ഈയുള്ളവളുണ്ടല്ലോ!


ഇപ്പോള്‍ തന്നെ വീട്ടില്‍ അപ്പന്റെ ചീത്ത കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ഒരു പണിയുമെടുക്കാതെ നാട് ചുറ്റുന്നവ്നു പെണ്ണു കൊടുക്കില്ലെന്നാണ് അപ്പന്‍ പറയുന്നത്. പിന്നെ, മഗ്ദെലേനാ മറിയത്തോടൊപ്പം യേശു ആടിക്കുഴഞ്ഞു നടക്കുന്നത് നാട്ടുകാര്‍ പലരും കണ്ടത്രെ! ബഥാനിയായിലെ ലാസറിന്റെ സഹോദരിമാരായ മര്‍ത്തയോടും മറിയത്തോടും കൂടെ കണ്ടെന്നും അപ്പനോട് പലരും പറഞ്ഞിരുന്നു. ഇതൊക്കെ കേട്ട് അപ്പന് യേശുവിനെ ഇഷ്ടമല്ല. പുരോഹിതന്മാര്‍ക്കെതിരെ ശബ്ദമുയര്‍തുന്നതിനാല്‍ മകളെ കെട്ടിച്ചു കൊടുത്താലും അധികം വൈകാതെ വിധവയാകും എന്നു അപ്പന് പേടിയുണ്ട്. തന്നെ പ്രസവിച്ചു ആറു മാസം കഴിഞ്ഞപ്പോള്‍ അമ്മ മരിച്ചതാണ്. പിന്നെ ഏറെ കഷ്ടപ്പെട്ടാണ്‌ അപ്പന്‍ തന്നെ വളര്‍ത്തിയത്‌. പക്ഷെ യേശുവിനെ മറക്കാന്‍ തനിക്കാകില്ല, ആര് എന്തൊക്കെ പറഞ്ഞാലും! താന്‍ യേശുവിനെ അവിശ്വസിക്കുന്നില്ല. ഈ വര്‍ഷത്തെ മുന്തിരി വിളവെടുപ്പ് കാലം ഒന്ന് കഴിഞ്ഞെങ്കില്‍!
 
ഭാഗം 3
*********


ഹാ... ജരുസലെമേ...


നിനക്ക് മതിയായില്ലേ? ഇത്രയും ദുഃഖ ഭാരം ചുമക്കാന്‍ തക്ക എന്ത് തെറ്റ് ചെയ്തു ഞാന്‍ ! എന്‍റെ ഹൃദയം പിളര്‍ത്തി വേണമായിരുന്നോ നിനക്ക് സന്തോഷിക്കാന്‍? നിന്നോട് ഞാനെന്തു ചെയ്തു? ഗാഗുല്‍ത്തയില്‍ കള്ളന്മാര്‍ക്കൊപ്പം കുരിശില്‍ തൂക്കിക്കൊല്ലാന്‍ മാത്രം പാപിയ്യായിരുന്നോ എന്‍റെ പ്രിയന്‍? യാഹ് വേ.. നീയിതു അറിയുന്നില്ലേ? നിന്‍റെ കാതുകളില്‍ എന്‍റെ വിലാപമെത്തുന്നില്ലെന്നോ? ദുഖത്തിന്റെ ഈ പാനപാത്രം നീ എനിക്കെന്തിനു നല്‍കി? എന്നോടല്‍പ്പം പോലും കരുണയില്ലെന്നോ? ഹാ... എന്‍റെ പ്രിയനേ... നിനക്കീ ഗതി വന്നല്ലോ!
അപ്പാ...
അപ്പനിത് കാണുന്നില്ലേ? എന്നെയോര്‍ത്ത് അങ്ങേക്കിനി ആഹ്ലാദിക്കാം! എന്‍റെ പ്രിയനേ തൂക്കികൊന്നെനു പറഞ്ഞ് അങ്ങേന്തിനു വിലപിക്കുന്നു? വിവാഹത്തിന് മുന്‍പേ വിധവയാക്കപ്പെട്ട എന്നെയോര്‍ത്ത് അങ്ങ് ദുഖിക്കരുത്! ഓര്‍മകളിലാണ് ഇനിയെന്റെ ജീവിതം.
ഹേ...ചങ്ങാതിമാരെ... നിങ്ങളും അവനെ കൈവിട്ടു കളഞ്ഞു. നിങ്ങള്‍ക്കവന്‍ എന്തെല്ലാം സഹായങ്ങള്‍ ചെയ്തു തന്നില്ലാ ? എന്നിട്ടും യൂദാസേ, നീ അവനെ പടയാളികള്‍ക്കും പുരോഹിതര്‍ക്കും ഒറ്റു നല്‍കി. പകരം നിനക്കെന്തു കിട്ടി? നിന്‍റെ മരണത്തിനെക്കാളും വിലയില്ലാത്ത 30 വെള്ളിക്കാശോ? കോഴി കൂവും മുന്‍പ്‌ മൂന്നു തവണ അവനെ തള്ളിപ്പറഞ്ഞ പത്രോസേ, അവിശ്വാസം നിന്‍റെ കൂടെപിറപ്പാണല്ലോ, നിനക്ക് ജീവിതത്തില്‍ പുരോഗതിയില്ലാതെ പോട്ടെ! ഹാ   ...എന്‍റെ പ്രിയനേ...ഇതാണോ നിന്‍റെ നല്ല ചങ്ങാതിമാര്‍!
ഒടുവില്‍ നിനക്ക് കാല്‍ക്കീഴില്‍ രാവോളം അലമുറയിടാന്‍ അവര്‍ മാത്രം ബാക്കിയായി. ദുഷിച്ചവ ളെന്ന് സമൂഹം മുദ്ര കുത്തിയ മഗ്ദെലെന മറിയത്തോട് എനിക്ക് അസൂയ തോന്നുന്നു.അവസാന മണിക്കൂറുകളില്‍ നിന്നോടോത്തിരിക്കാന്‍ കഴിയാത്ത ഞാന്‍ ഭാഗ്യം കേട്ടവള്‍ തന്നെ! നിന്‍റെ മുഖം കൈലേസില്‍ ഒപ്പിയെടുത്ത വെറോനിക്കയും ദൈവ കൃപയുള്ളവള്‍ ! ഹാ ... എന്‍റെ പ്രിയനേ...

അവസാനം നിന്നെ കണ്ടത് എന്നാണ്? അന്ന് കാട്ടിടവഴിയില്‍ കൊങ്ങിണിപ്പൂക്കളുടെ ചുവന്ന കടല്‍ പൂത്തിരുന്നു. വേണ്ട, ഇറുക്കണ്ടയെന്നു നീ അന്ന് വിലക്കി. ജറുസലെമിനു വേണ്ടി എന്തോ ഒന്ന് ചെയ്തു തീര്‍ക്കാന്‍ ചുമതലയെറ്റെന്നു നീ പറഞ്ഞു, ചിലപ്പോള്‍ ജീവന്‍ നഷ്ടമായെക്കുമെന്നും.. കാത്തിരിക്കരുതെന്നും....
കാത്തിരിക്കരുതെന്നു!! കാറ്റ് കാതോരം പാഞ്ഞെത്തി പൊടുന്നനെ നിശബ്ദമായി...എന്‍റെ പ്രിയനേ ,ഞാന്‍ നിനക്ക് വേണ്ടിയല്ലാതെ മറ്റാര്‍ക്ക് വേണ്ടി കാത്തിരിക്കും? രാജകുമാരിയുടെ കഥയിലെ രാജകുമാരന്‍ കുതിരപ്പുറത്തു പാഞ്ഞെത്തുമെന്ന് നീ പറയുന്നത് കളവാണെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും മൂളിക്കേട്ടു, കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു ...
ഇതാ, ഇവിടെയീ പച്ചിലച്ചാര്‍ത്തിനകത്ത് നീയില്ലെന്നോര്‍ക്കുമ്പോള്‍ നെഞ്ച് പിളരുന്നു. ഇനി വരില്ലെന്ന് കൂടി ഓര്‍ക്കാന്‍ വയ്യ! ഹാ...എന്‍റെ പ്രിയനേ....ഭാഗം 4


ഇതാ വീണ്ടും മഴ പെയ്തുതുടങ്ങിയിരിക്കുന്നു... ഇലത്തലപ്പുകളില്‍   നിന്നും മഴയുടെ ചെറു തുള്ളികള്‍ മറ്റൊരു മഴയുതിര്‍ക്കുന്നു...എവിടെ നിന്നോ കാട്ടുപ്പൂക്കളുടെ മണം മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട്. മുളം കൂട്ടം കാറ്റിനൊപ്പം പാടുന്നു. ഈ രാത്രിയില്‍ നീ വരുമെന്ന് എനിക്കുറപ്പായിരുന്നു.
ഇത്തിരി നേരം, ഇവിടെ , ഈ ഓ രത്തിരിക്കാം  ... മുളംകാടിനപ്പുറത്ത് ഹൊ, ആ  കാഴ്ച നിനക്കൊരിക്കലും മറക്കാനാകില്ലെന്നു എനിക്കുറപ്പുണ്ട്. അവിടെക്കെതും മുന്‍പ്‌ എനിക്ക് നിന്നോടൊന്നു പറയാനുണ്ട്.
നിന്‍റെ കണ്ണുകളില്‍ താഴ്വരകാടുകളില്‍ പൊട്ടി വിടര്‍ന്ന കാട്ടുപ്പൂവിന്റെ  ചെന്ജുകപ്പ്‌ ...  എന്‍റെ കയ്യില്‍ നിന്‍റെ ചോരയുടെ ചൂട്, ഞാന്‍ തളര്‍ന്നു പോകുന്നു....കണ്ണിലെ  കരി മഷി കരുപ്പ്പിനു കാര്‍ മേഘത്തിന്റെ   കുളിര്... കണ്ണ് തുറക്കാന്‍ വയ്യാ! കണ്ണുകളടയുന്നു  ... ഞാനിനി ഉറങ്ങട്ടെ... ഈ രാത്രിയിലിനി യാത്ര വേണ്ട.. നീയും മയങ്ങുക. പുലര്‍ച്ചെ താഴ്വരയില്‍ സൂര്യനുദിക്കുന്നത് കാണാന്‍ ഞാന്‍ നിന്നെ വിളിച്ചുണര്‍ത്തും വരെ മയങ്ങുക, എന്‍റെ തലമുടിയില്‍ ഉടല്‍ പൂഴ്തുക. മല വാഴും ഭൂതങ്ങളില്‍  നിന്നും നിന്നെ ഒളിപ്പിക്കാന്‍ എന്‍റെ കാര്‍ക്കൂന്ത ലിനുള്ളില്‍   മറഞ്ഞിരിക്കുക..
അതാ... അങ്ങ് താഴ്വരയില്‍ ചന്ദ്രനുദിച്ചു കഴിഞ്ഞു....
Post a Comment
Related Posts Plugin for WordPress, Blogger...

Pages