Monday, November 26, 2012

കറുത്ത കാറ്റ്

ഇന്ന് പതിവിലും നേരത്തെ ഉറക്കം വരുന്നുണ്ട്. രാവിലെ മാര്‍ക്കറ്റില്‍ അലഞ്ഞതിന്‍റെ ക്ഷീണമത്രയും കണ്‍പോളകളെ വലിച്ചടക്കുന്നു. നേരം പത്തു മണിയാകാന്‍ പത്തു മിനിറ്റ് കൂടി ഉണ്ട്. എന്നും കാണാറുള്ള പല്ലിയെ ചുമരിന്‍റെ മൂലയില്‍ കണ്ടില്ല. ഒരു പക്ഷെ ,കടലാസു പെട്ടികള്‍ക്കിടയില്‍ ഇരയെ പിടിക്കാന്‍ പാത്തു പതുങ്ങിയിരിക്കുന്നുണ്ടാകും. കഴിഞ്ഞ തവണ മുറി വൃത്തിയാക്കുന്നതിനിടെ വെന്റിലേഷനില്‍ അത് കാത്തു സൂക്ഷിച്ചിരുന്ന മുട്ടകള്‍ തട്ടിപ്പൊട്ടിച്ചതിന്‍റെ സങ്കടവും ദേഷ്യവും ഇത് വരെ മാറിക്കാണില്ല. ഒറ്റ ജനലിലൂടെ കാണാമായിരുന്ന അമ്പിളിക്കലയും ഇന്നില്ല. ആകാശം കറുത്തിരുണ്ട്‌ കിടക്കുന്നു. രാത്രി മഴ കനത്തെക്കും. അടഞ്ഞു കിടക്കുന്ന മറ്റൊരു കീറ്‌ ജനലിന്‍റെ ചില്ല് പാളികളെ കൂടി ഭയപ്പെടുത്തുന്ന വിധം അങ്ങകലെ മിന്നലുകള്‍ നിഴല്‍ പരത്തി. ചിലപ്പോള്‍ ഇടിവെട്ടുമുണ്ടാകും. നിലത്ത് കിടക്കുന്നത് അപകടമായേക്കും. എങ്കിലും കൊച്ചിയിലെ അസാധ്യ ചൂടിനെ തണുപ്പിക്കാന്‍ ഇന്നത്തെ മഴയ്ക്ക് സാധിക്കുമെന്നത് കൊണ്ട് നിലത്ത് കിടന്നില്ലെങ്കിലും അസ്വസ്ഥത ഉണ്ടാകാനിടയില്ല. രണ്ടു സഹമുറിയത്തികളും വീട്ടിലാണ്. പരീക്ഷ തുടങ്ങും മുന്‍പേ വീട്ടിലൊന്നു പോയി വരാം എന്ന് പറഞ്ഞാണ് രണ്ടും പോയത്. അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചു കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു  വന്നാല്‍ മതിയെന്നു ഞാനും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ഈ ഹോസ്ടലിലെ ഉണക്ക ചപ്പാത്തിയും വേകാത്ത ചോറും എല്ലാവര്‍ക്കും വയറിനു കുഴപ്പം ഉണ്ടാക്കുന്നുണ്ട്.


കിടക്ക കുടഞ്ഞ് വിരിച്ചു കിടന്നപ്പോഴേക്കും ദാഹിച്ചു. പതിവില്ലാത്തതാണ് ഇതൊക്കെ. വെള്ളം കുടിച്ചു കിടന്നതും ഉറക്കത്തിലേക്ക് ആണ്ട് പോയി.

കിടക്കുന്നതിനു നേരെയുള്ള അടച്ചിട്ട ജനലില്‍ കൂടി മിന്നല്‍ അകത്തു കടന്ന് കണ്ണ് മിന്നിച്ചപ്പോഴാണ് അഗാധതയില്‍   നിന്നും ഞെട്ടിയെണീറ്റത്. ഒരൊറ്റ നിമിഷം തുറന്നു പോയ കണ്ണുകള്‍ ഉറക്ക ഭാരം കൊണ്ട് വീണ്ടും കനത്തില്‍ അടഞ്ഞപ്പോള്‍ വലിച്ചു തുറക്കേണ്ടി വന്നു. മൊബൈലിലെ സ്ക്രീനില്‍ സമയം പതിനൊന്നര. എഴുന്നേല്‍ക്കാന്‍ നോക്കിയപ്പോള്‍  കാലുകള്‍ ഇല്ലെന്നു തോന്നി. പണിപ്പെട്ടു കട്ടിലില്‍ എഴുന്നേറ്റു നിന്ന് പുതപ്പെടുത്തു ജനലിനു വിലങ്ങനെയുള്ള അയയില്‍ പരത്തിയിട്ടു. മിന്നല്‍ വെളിച്ചം ഇനിയും ഉറക്കം ശല്യപ്പെടുത്തിയെക്കാം. രണ്ടരക്കും  പുലര്‍ച്ചെ മൂന്നിനും ഉറങ്ങുമ്പോഴൊന്നും ഇത്രക്കും ആഴമുള്ള ഉറക്കം അടുത്ത കാലത്തൊന്നും കിട്ടിയിട്ടില്ല. വായില്‍ നിന്നും ഒലിച്ചിറങ്ങിയ കൊഴുത്ത ഉമിനീര് തുടച്ചു കളഞ്ഞു അല്പം കൂടി വെള്ളം കുടിച്ചു വീണ്ടും കിടന്നപ്പോഴാണ്‌ വാതിലില്‍ ആരോ മുട്ടിയത്‌. അടുത്ത മുറിയിലെ ആരെങ്കിലും ആയിരിക്കും. സാധാരണ ഈ നേരത്ത് ഉപദേശ കമിറ്റി കൂടാറുള്ളതാണ്. ആരായിരിക്കും.??

ശരീരം ക്ഷീണം കൊണ്ട് കുഴഞ്ഞു പോകുന്നുണ്ട്. എങ്കിലും അത്യാവശ്യക്കാരിക്ക് വാതില്‍ തുറന്നു കൊടുത്തെ പറ്റൂ..  വാതിലിന്‍റെ മുകള്‍ഭാഗത്തുള്ള ഇരുമ്പ് കൊളുത്ത് നീക്കാന്‍ നന്നേ പണിപ്പെട്ടു. രണ്ടു തവണ ആഞ്ഞു വലിച്ചപ്പോഴാണ് തണുപ്പടിച്ചു ഘനം വച്ച വാതില്‍ തുറക്കാന്‍ കഴിഞ്ഞത്. എതിര്‍ വരാന്തയിലെ ജാലകങ്ങളില്‍ നിന്നുള്ള തണുത്ത കാറ്റ് പൂണ്ടടക്കം പിടിച്ചു മുറിക്കകത്ത് ഇരച്ചു കയറി. ആരുമില്ല. അത് അവളായിരിക്കും, അമ്പിളി. വാതിലില്‍ മുട്ടിയ ശേഷം ഒളിച്ചു നില്‍ക്കുക അവള്‍ക്കു ഇഷ്ടമാണ്. ചെന്ന് കയ്യോടെ പിടികൂടിയാല്‍ കുപ്പി വള കിലുങ്ങുന്ന പോലെ അവള്‍ ചിരിക്കും. ഇന്ന് ഞാനവളെ ശരിയാക്കുന്നുണ്ട്. ഇടതു വശത്തെ മുറികളുടെ വാതില്‍ക്കല്‍ അവള്‍ ഒളിഞ്ഞു നില്‍പ്പുണ്ടാകും.  ഇല്ല ,വരാന്തയില്‍ ഇറങ്ങി നിന്ന് നോക്കിയിട്ടും അറ്റം വരെയും അവളെ  കാണുന്നില്ല. വലത് വശത്ത് ആരോ നില്‍ക്കുന്നെന്ന് പെട്ടെന്ന് തോന്നി. തിരിഞ്ഞു നോക്കിയപ്പോള്‍ ആരുമില്ല. വലതു ഭാഗത്ത്‌ രണ്ടു മുറികള്‍ മാത്രമാണ് ഉള്ളത്. പെട്ടെന്ന് ഒളിച്ചു നില്‍ക്കാനും അവള്‍ക്കു പാടാണ്. വാതിലില്‍ മുട്ടിയെന്നു സ്വപനം കണ്ടതാകും. വാതില്‍ തള്ളി മാറ്റി  ഒരു കറുത്ത കാറ്റ് അകത്തു കടന്നെന്നു തോന്നിയ ഉടനെ തിരിഞ്ഞു നിന്ന് അകത്തു കേറി വാതിലടച്ചു. കണ്ണില്‍ ഉറക്കത്തിന്‍റെ പിടിവലി തുടരുന്നുണ്ട്. കട്ടിലില്‍ രാവിലെ പകുതി വായിച്ചിട്ട ചെറു കഥ സമാഹാരം കിടക്കുന്നത് ഇപ്പോഴാണ് കണ്ടത്. അതെടുത്ത് മേശയിലെക്കിട്ട ശേഷം വീണ്ടും കിടന്നു.

മഴത്തണുപ്പ് കൂടുമ്പോള്‍ ജനലിനരികെ കസേര വലിച്ചിട്ട് ഈറനടിക്കുന്ന മഴത്തരികളെ താലോലിച്ച് ഇരിക്കുകയാണ് പതിവ്. ഇന്ന് വയ്യ. കിടന്നതും ഉറക്കത്തിന്‍റെ പക്ഷികള്‍ കൊളുത്തി വലിച്ചു. കുറെ നേരമായി ആരോ തള്ളുന്നെന്ന തോന്നല്‍ ശക്തമായപ്പോള്‍ കണ്ണു തുറക്കാന്‍ ശ്രമിച്ചു. ഇല്ല, പറ്റുന്നില്ല. തള്ളല്‍ കൂടി കൂടി വരുന്നുണ്ട്. വിരല്‍ പോലും ഇളക്കാന്‍ പാറ്റാത്ത അത്രയും ക്ഷീണം ശരീരത്തെ പിടിച്ചു കിടത്തിയിരിക്കുന്നെന്നു അപ്പോഴാണ്‌ വ്യക്തമായത് . ആരാ എന്ന് ചോദിയ്ക്കാന്‍ കൂടി നാവു പൊന്തുന്നില്ല. ഒരുവിധം കഷ്ടപ്പെട്ട് കണ്ണു തുറന്നപ്പോള്‍ ഇരുട്ട് മാത്രം. അപ്പോഴും തള്ളുന്ന അനുഭവം. പെട്ടെന്ന് വയറൊന്നാളി. കാലിന്‍റെ പേര് വിരല്‍ മുതല്‍ ഒരു തരിപ്പ് പാഞ്ഞു കയറി. അപ്പോള്‍ നേരത്തെ വാതില് തുറന്നപ്പോള്‍ ആരോ അകത്തു കയറിയെന്ന് തോന്നിയത് വെറുതയല്ല.

സത്യത്തില്‍ ആരോ അകത്തുണ്ട്. പിടഞ്ഞെനീക്കാനുള്ള ശ്രമങ്ങള്‍ വൃഥാവിലായി. മനസ്സ്‌ കുതിക്കുന്നുണ്ട്, പക്ഷെ ശരീരം ഒച്ചിനേക്കാളും പതുക്കെയാണ് . എങ്ങനെയോ വലിചെഴുന്നേറ്റു വാതില്‍ തുറക്കാന്‍ പരിശ്രമിച്ചു, അപ്പോഴാണ്‌ കാണുന്നത് മനസ്സ് മാത്രമേ ഉള്ളൂ, ശരീരം ഇപ്പോഴും കട്ടിലില്‍ തന്നെ. അപ്പോള്‍ എഴുന്നേറ്റതും വാതില്‍ തുറന്നതുമെല്ലാം സ്വപ്നമാണ്. വയര്‍ പിന്നെയും ആളിക്കത്തി. തൊട്ടടുത്ത്‌ നിന്നുള്ള കാറ്റിന്‍റെ തള്ളല്‍ വീണ്ടു കനത്തു. ദൈവമേ, എന്താണിത് ?

കാലുകള്‍ വലിച്ചു പറിച്ചു എണീറ്റപ്പോള്‍ ആശ്വാസം തോന്നി. കട്ടിലിനെ മുറിയില്‍ ഉപേക്ഷിച്ച് വരാന്തയില്‍ കടന്നു നിന്നപ്പോഴും കിതപ്പ് മാറിയിരുന്നില്ല. വാതില്‍ പാളിയുടെ വിടവിനടയില്‍ കൂടി കട്ടിലില്‍ കണ്ണയച്ചപ്പോള്‍ നെഞ്ച് കിടുങ്ങി. ഇപ്പോഴും ശരീരം കട്ടിലില്‍ തന്നെ. താന്‍ ഇപ്പോഴും സ്വപ്നം കാണുകയാണോ?? കാലിലെ മരവിപ്പ് ബുദ്ധിയിലേക്ക് കൂടി ഇരച്ചു കയറി. ദൈവമേ..പ്രാര്‍ഥിക്കാന്‍ കൂടി കഴിയുന്നില്ല. പേടി അത്ര മാത്രം തലച്ചോറിനെ സ്തംഭിപ്പിച്ചിരിക്കുന്നു. മൂന്നാം തവണ ശരിക്കും കട്ടിലില്‍ നിന്ന് എണീറ്റ്‌ പുറത്തു കടന്നു. വരാന്തയുടെ അങ്ങേ തലക്കല്‍ പഠിക്കാനിരിക്കുന്ന കുട്ടികള്‍ക്കൊപ്പം ചെന്നിരുന്നപ്പോഴാണ് ശ്വാസം നേരെ വീണത്‌. അയ്യോ, ഇല്ല..ഇപ്പോഴും ഞാന്‍ രക്ഷപ്പെട്ടിട്ടില്ല. എല്ലാം സ്വപ്നം. സ്വപ്നങ്ങള്‍ക്കകത്തും സ്വപ്‌നങ്ങള്‍! പണ്ട് അമ്മൂമ്മ പേടിച്ചു കരയുമായിരുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാന്‍ ചൊല്ലിയിരുന്ന പ്രാര്‍ഥനയുടെ ആദ്യ വാക്ക്‌ പോലും ഓര്‍മ്മ കിട്ടുന്നില്ല. ഭയം ഓര്‍മകളെ കൂടി വിഴുങ്ങി കളഞ്ഞിരിക്കുന്നു. കാണുന്നത് സ്വപ്നമോ സത്യമോ എന്നറിയാന്‍ നുള്ളി നോക്കിയിട്ടും വേദനിക്കുന്നുണ്ടോ എന്ന് മനസിലാകുന്നില്ല.


അരികില്‍ നില്‍ക്കുന്ന ആ കറുത്ത കാറ്റ് അട്ടഹസിച്ചു ചിരിക്കുന്ന പോലെ. ഇല്ല ഇത്തവണ എനിക്ക് ഏഴുന്നേറ്റെ പറ്റൂ.. കനം തൂങ്ങുന്ന കണ്ണുകളും കാലുകളും വലിച്ചു നീക്കി മുന്നോട്ടു നീങ്ങാന്‍ ശക്തിക്കായി കടുപ്പത്തില്‍ പ്രാര്‍ഥിച്ചു. വാതില്‍ തുറന്നു പുറത്തു കടന്നപ്പോഴും രക്ഷപ്പെട്ടു എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. നേരെ എതിര്‍ വശത്തുള്ള മുറിയുടെ വാതിലില്‍ ചെന്നലച്ചപ്പോഴും യാഥാര്‍ത്ഥ്യം മനസിലാകുന്നില്ല.  ഉറക്കച്ചടവോടെ സിമി വാതില്‍ തുറന്നു.

എന്ത് പറ്റി  അരുണി എന്ന ചോദ്യത്തിനുത്തരം പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. പേടി സ്വപ്നം കണ്ടോ എന്ന ചോദ്യത്തിന് തല കുലുക്കി  ഇന്നിവിടെ കിടന്നോട്ടെ എന്ന് കേണു. ഹാ, കിടന്നോളൂ പക്ഷെ തറയില്‍ കിടക്കേണ്ടി വരുമല്ലോ എന്നു പറഞ്ഞതു അവഗണിച്ചു ഉടനെ നിലത്ത് കിടന്നു. പ്രാര്‍ഥിച്ചു കിടക്കു അരുണീ എന്ന് സിമി പറയുമ്പോള്‍ ഉറങ്ങിക്കിട്ടിയാല്‍ മതിയെന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞാന്‍...... സിമിയുടെ വക തലയില്‍ കൈവച്ചു പ്രാര്‍ത്ഥന നടക്കുമ്പോഴാണ് ഞാനതു കാണുന്നത്. ഞാന്‍ ഇപ്പോഴും എന്‍റെ മുറിയിലെ കട്ടിലില്‍ തന്നെ കിടക്കുന്നു.

 മരണ ഭീതി എന്നെ തളര്‍ത്തി. രക്ഷപ്പെട്ടെന്നു തോന്നുന്നതും മറ്റും കാലന്‍റെ കളി ! വീട്ടുകാര്‍ അടുത്തില്ലെന്ന ചിന്തയില്‍ ഞാന്‍ ഉരുകി. മരിക്കും മുന്‍പ്‌ അവരെ  കാണാന്‍ കഴിയില്ലെന്ന് ഉറപ്പായി. എന്‍റെ ദൈവമേ..... ഈ കറുത്ത കാറ്റിനോട് മല്ലിടാന്‍ എനിക്കാകുന്നില്ലല്ലോ ദൈവമേ..... ശ്ശെ...ഈ വാതില് തുറക്കനാകാത്ത  വിധം അടഞ്ഞു പോയോ? ജിസില്‍ ..ജിസില്‍.... വാതില് തുറക്ക്...വാതില്‍  തുറക്കു.... ഇരുട്ടിന്‍റെ കാടിനകത്തു പ്രതീക്ഷയുടെ ചെറു തിരി തെളിയിച്ചു അവള്‍ വാതില്‍ തുറന്നു .
 എന്താ ചേച്ചീ?? എന്ത് പറ്റി?? 
ജിസിലേ..ഞാന്‍ ഇവിടെ കിടന്നോട്ടെ, വല്ലാത്ത പേടി സ്വപ്നം...
ജിസിലിന്‍റെ സഹമുറിയത്തി വീട്ടില്‍ പോയതിനാല്‍ കട്ടിലൊരെണ്ണം ഒഴിവുണ്ട്.  കിടന്നതും ഉറക്കത്തിലേക്ക് ആണ്ട് പോയി !

നേരം പുലര്‍ന്നത് മുതല്‍ അവളുമാര് കളിയാക്കലാണ്. മെസ്സ് ഹോളില്‍ പോയപ്പോഴും കുളിമുറിക്കരികെ കണ്ടപ്പോഴും  കളിയാക്കലോട് കളിയാക്കല്‍. ദുസ്വപ്നം കണ്ടു പേടിച്ച ഈ ധൈര്യവതി വാതിലില്‍ വന്നലച്ചു, നേരത്തെ ധൈര്യം പറഞ്ഞിരുന്ന പെണ്ണാ എന്നൊക്കെ കളിയാക്കല്‍ നീണ്ടപ്പോള്‍ ചമ്മി പരുവമായി..ഛെ....സ്വപനം കണ്ടു കുളമായല്ലോ!! അങ്ങോട്ടും ഇങ്ങോട്ടും കടന്നു പോകുമ്പോഴൊക്കെ അവളുമാര്‍ കണ്ണ് കൊണ്ട് കളിയാക്കി..ഛെ....ഛെ...

ജോലിതിരക്കുകളോഴിഞ്ഞപ്പോഴാണ് സഹമുറിയത്തി  ജെസ് ലിനെ  വിളിച്ചത്. തലേന്നുണ്ടായ സ്വപ്നവും രാവിലെയുണ്ടായ കളിയാക്കലും പറയാന്‍ തന്നെയാണ് വിളിച്ചത്. ജെസ് ലിന്‍ ...ഇന്നലെ രാത്രി ഉറങ്ങിയതെയില്ല എന്ന് പറഞ്ഞു തീര്‍ന്നതും അവളും അത് തന്നെ പറഞ്ഞു. ഇന്നലെ ഉറങ്ങിയതെയില്ലെത്രേ ! ദുസ്വപ്നം തന്നെ..

ഹ ഹ ഹ ...നീയും , ജെസ് ലിന്‍.....

‘’ചേച്ചീ ..സമയം  ഒരു പതിനൊന്നര ആയിക്കാണും ..സ്വപ്നം കണ്ടത് ഹോസ്റ്റല്‍ , രാത്രിയില്‍ ചേച്ചി ഒറ്റയ്ക്ക് നമ്മുടെ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ ആരോ വന്നു വാതിലില്‍ മുട്ടി. വാതില്‍ തുറന്നു പുറത്തിറങ്ങിയപ്പോള്‍ ആരെയും കണ്ടില്ല. പക്ഷെ ആരോ മുറിയില്‍ കേറി. ചേച്ചി ഉറങ്ങാന്‍ കിടന്നപ്പോള്‍ ആരോ ശല്യം ചെയ്തു.. ഞാന്‍ പേടിച്ചു അമ്മയെ കെട്ടിപ്പിടിച്ചാ ഉറങ്ങിയത് ‘’ഒറ്റ ശ്വാസത്തില്‍ അവളിത് പറഞ്ഞതും എനിക്ക് ശ്വാസം വിലങ്ങി... ഫോണ്‍ റിസീവര്‍ കയ്യില്‍ നിന്ന് താഴെ വീണു.

ഒരേ സമയം, ഒരേ കഥ, രണ്ടാളുകള്‍ രണ്ടു സ്ഥലത്ത് കിടന്നു കാണുന്നു...അതിനര്‍ത്ഥം....
ഓ... കാലു കുഴയുന്നു !


Post a Comment
Related Posts Plugin for WordPress, Blogger...

Pages