Labels

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, April 17, 2015

എല്ലിന്‍കിലുക്കത്തിലൊരു ആത്മാവ്




രണ്ടോ മൂന്നോ മഴ 
നിന്നു കൊണ്ടാലും 
ഒഴിഞ്ഞു പോകാത്ത വിധം 
ഒരാത്മാവു കൂടി 
നെഞ്ചിന്‍കൂട്ടിനുള്ളില്‍ 
വല കെട്ടിത്തുടങ്ങി!
ഇറങ്ങിപ്പോ എന്ന്
കരഞ്ഞു പറഞ്ഞിട്ടും
കൂട്ടാക്കാത്തൊരാള്‍!
ഇഴഞ്ഞ് നീങ്ങിപ്പൊകാന്‍കൂടി
കെല്‍പ്പില്ലാത്തൊരാത്മാവ്!
തുണിയില്‍ തേങ്ങച്ചുറ്റിത്തല്ലിത്തകര്‍ന്ന
എല്ലിന്‍കൂടിന്‍റെ കിലുക്കം
സഹിക്കാന്‍ പറ്റുന്നില്ല!
ശ്വാസമെടുക്കാന്‍ പേടിയാകുന്നു! 
എന്‍റെയോരോ നിശ്വാസക്കാറ്റുംത്തട്ടി
അയാള്‍ വേദനിച്ച് വിങ്ങിക്കരയുന്നു,
ആ കരച്ചിലെനിക്കു സഹിക്കുന്നില്ല!

Thursday, June 5, 2014

കാലവര്‍ഷം

കാലം പെയ്ത്തു തുടങ്ങി
പുലരികളിലെ കുളിര്‍ കുമിളകള്‍ 
പുതപ്പിനടിയില്‍ നിന്റെ ഓര്‍മ്മച്ചൂടും  !

Wednesday, June 4, 2014

കാവടിത്തുണ്ട്

























ആനയേക്കാള്‍ ചന്തമുണ്ട് 
കാവടിയാട്ടത്തിന് !

ഹനുമാന്‍ പ്രതിഷ്ഠാമുറ്റത്ത്‌
മഞ്ഞപ്പാലപ്പൂക്കള്‍
വിരിഞ്ഞു വീണ നടയില്‍ /
പീലിയും പൂക്കളും നിറഞ്ഞ
കാവടിയാട്ടം കാണാനൊരു
പോക്കുണ്ട്,
പെട്രോമാക്സുകളുടെ
ധവളിമയില്‍
വെട്ടിത്തിളങ്ങുന്ന വര്‍ണചെണ്ടുകള്‍,
കണ്ണടക്കുമ്പോള്‍
മിന്നിത്തിളങ്ങി,
ഇരട്ടി'ച്ചിരട്ടിച്ചി'രട്ടിച്ചൊരു കാവടി  
വിരിഞ്ഞു തുള്ളുന്നു,
പൂക്കാവടി.
കാവടിക്കൊപ്പം മേളത്തില്‍
തുള്ളിതുള്ളി ഞങ്ങള്‍ കുട്ടികളും.


കരകാട്ട മേളം,
പതിഞ്ഞങ്ങനെ ആടിയാടി , 
വട്ടം കറങ്ങി,
കുലുങ്ങിക്കുലുങ്ങി, 
തിടം വച്ച് കനത്തില്‍ കറങ്ങി ,
കറങ്ങിക്കറങ്ങി,
വെട്ടിത്തിളങ്ങി
വിറച്ചുത്തുള്ളി കറങ്ങുമെന്‍ കാവടി ,
പെരുക്കത്തിലമരാന്‍
അച്ഛന്റെ വിരല്‍ കുടഞ്ഞ്
കാവടി നിഴലിലെക്കോടുന്നു,
വീണ്ടും ഞാന്‍ കുട്ടിയാകുന്നു.

പത്തുനാള്‍ മുന്‍പൊന്നു
പോയതാണ് കാവടി പുരയില്‍.
കൈനീട്ടം വാങ്ങിയ
കാവടി ചെണ്ടൊന്നിനെ
ആകാശം കാണിച്ച്
പെരുപ്പിച്ചു പെരുപ്പിച്ചു
വെള്ളക്കുമ്മായച്ചുമരില്‍
കണ്ടതാണ് ഞാന്‍ 
ചെണ്ടൊന്നല്ല, രണ്ടല്ല
നൂറല്ല നൂറായിരം.

ഒരിക്കല്‍ കൂടി പോകണം,
ആട്ടം കാണണം
ആടണം,
ആടിത്തുള്ളണം ,
ഓര്‍മക്കാറ്റില്‍ 
ആലിന്‍റെയിലക്കും 
കാവടി ചെണ്ടുകള്‍ക്കും
ഒരേ പെരുക്കം ,
ഒരേ ഇളക്കം ! 



Friday, April 18, 2014

മനുഭൂമി

ഇന്നു ഞാനെന്‍റെ ഹൃദയമൊരു മരുഭൂമിയാക്കും
മഴയെ(ത പെയ്താലും
നനവൊട്ടുമേയില്ലാത്ത,
മരുപ്പച്ച കിളിർക്കാത്ത
മനുഭൂമി

ഗുഡ് ഫ്രൈഡേ













നരഭോജികളെ ,
ഇതെന്‍റെ ഹൃദയം,
ഇതെന്‍റെ രക്തം .

ഇറച്ചി തിന്നും
മദ്യം കുടിച്ചും അര്‍മാദിക്ക !

എന്‍റെ നാമത്തില്‍
നിങ്ങളൊന്നിച്ചു കൂടുമ്പോള്‍
എന്‍റെ ഓര്‍മക്കായി
ഇത് ചെയ്യുവിന്‍ 

Friday, January 31, 2014

പ്രണയത്തം




പെണ്ണത്തം 
അമ്മത്തം
വായാടിത്തം 
പ്രണയത്തം ......
നിഘണ്ടുവില്‍ ഇല്ലാത്ത വാക്കുകള്‍
ഞാന്‍ നിനക്ക് വേണ്ടി പരതിക്കൊണ്ടേയിരിക്കുന്നു..


നീല കല്ലു പതിച്ച വെള്ളിമോതിരം
ആമാടപ്പെട്ടിയിലിപ്പോഴും .....

ഇതാണ് തിരിച്ചറിവ് .

Saturday, January 4, 2014

ഈറ്റില്ലം

















തേരട്ടകള്‍ 
മഞ്ഞക്കുത്തുകള്‍
പിരിപ്പിര് കാലുകള്‍ 
കറുത്ത ഉടല്‍ 
ചര്‍ദ്ദിപ്പിക്കും മണം


ആയിരം കാലുള്ള കുഞ്ഞുങ്ങളെ
എന്റെ കിടപ്പ് മുറിയില്‍
പെറ്റ്കൂട്ടുന്നത്‌
എന്തിനാണ് ?
എന്റെ തലമുടിയില്‍
അരിച്ചു കയറുന്നത് എന്തിനാണ് ?
ഇത് നിന്റെ ഈറ്റില്ലമല്ല



ലേബല്‍ - അറപ്പ്

Tuesday, October 22, 2013

Sunday, June 30, 2013

മഴ


പകല്‍ മുഴുവന്‍ വെയിലായിരുന്നു 
അപ്പോള്‍ ചങ്ങാതി മഴ നനയാന്‍ ക്ഷണിച്ചു
ആകാശം കത്തുന്ന നേരത്താണ് കയറി ചെന്നത്
എന്നിട്ടും നനഞ്ഞു.


Saturday, June 8, 2013

പുഴയുടെ ദയാഹരജി !





കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ  -
പൊട്ടിതീരാനിനി നെഞ്ചില്ല ബാക്കി.
ഇഞ്ചിഞ്ചായി  പിളര്‍ത്തി -
ക്കൊല്ലാന്‍ ഞാനില്ല ബാക്കി.

വെള്ളാരം കല്ലുകള്‍, മുത്തുചിപ്പി കൂണുകള്‍,
കൈത , ഒറ്റക്കണ്ണന്‍ മീനുകള്‍,
പെരുമ്പാമ്പിന്‍ മാളങ്ങള്‍ ,
കക്കകള്‍, വരാലുകള്‍,
ആമയിഴച്ചിലുകള്‍,
പഞ്ചാര തോല്‍ക്കും മണല്‍-- -
തീര്‍ന്നു , ചത്തു ഞാന്‍ മുക്കാലും.


പുഴയോടിയ വയലുകള്‍,
പൂരം ചവിട്ടിയ  തീരങ്ങള്‍,
ബലിദര്‍പ്പണങ്ങള്‍ക്കായി  തലകുനിച്ച ഓളങ്ങള്‍ ,
അവധിക്കാലം മുങ്ങി നിവര്‍ന്ന ചിറകള്‍--  -
മറന്നൂ  , മരണം കാര്‍ന്നു ദ്രവിച്ച ഞാന്‍ പോലും.


അടുക്കള മുറ്റങ്ങള്‍,
പറമ്പില്‍ കൊഴിഞ്ഞൊഴുകും തേങ്ങകള്‍,
വിദ്യാലയ മുറ്റങ്ങള്‍, തോണി ഒഴുക്കിയ ബാല്യങ്ങള്‍,
ആറാട്ടിനു കാത്തിരിക്കുന്ന ഭഗവതിമാര്‍  ,
തോരാ മഴയില്‍  പണ്ടു കണ്ട -
കര കയറിയ കാഴ്ചകള്‍
ഇനിയും  കാണാമെന്നതെന്‍റെ
പുഴ വറ്റിയ അന്ത്യാഭിലാഷങ്ങള്‍ !

ഊറ്റിക്കൊള്‍ക
 മണലും വെള്ളവും ,
ഞാന്‍ വളര്‍ത്തിയ കാടും കാട്ടാറുകളും ,
പകരം കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ-
സ്വീകരിക്കുക
വെള്ളം വറ്റിയ എന്‍റെയീ ദയാഹരജി  !


Tuesday, June 4, 2013

ഔണ്‍സ് !



വേണം,
ഒരു കുപ്പി സദാചാരം ,

മ്മടെ ഇട്ടീശന്റെ
 പച്ച മരുന്ന് കടയില്‍
സ്റ്റോക്ക് തീര്‍ന്നോ, ആവോ !!

ഉണ്ടേല്‍ വാങ്ങിക്കോ,
ഒരു കുപ്പി ബോധവും !

Tuesday, May 28, 2013

ഈയ്യാംപാറ്റ




നനയാത്ത മഴ നൂലുകളും
കുപ്പിയില്‍ തിരയടക്കിയ സമുദ്രവും
ചിറകുകളില്‍ കെട്ടിവച്ച്
കാര്‍മേഘക്കൂട്ടങ്ങളിലേക്ക്
പറത്തി വിടാന്‍ കഴിയാത്ത  ,
മഴ തീരും മുന്‍പ് നിലമടിയുമെന്നോര്‍ക്കാതെ
പറന്നു പാറാന്‍ ചിറകാഞ്ഞു വീശിയ

വെറുമൊരു ഈയ്യാംപാറ്റ ഞാന്‍  ,
നിലമില്ലാത്ത അഗാധതയില്‍
പ്രണയം കത്താന്‍ വിരഹം ജ്വലിപ്പിച്ച
ഞാനിന്നൊരു മഴ,നിറമില്ലാത്ത മഴ !

Friday, April 12, 2013

തീചില്ല്

























വെയില്‍ കാട്ടില്‍,
സ്ഫടികം ഉണ്ടാക്കുന്നവന്‍
മണല്‍ ഉരുക്കിയൊഴിച്ചത് 
നെഞ്ചിന്‍ കൂട്ടില്‍.
ഹൃദയാകൃതിയില്‍
പരുവപ്പെട്ട
തീചില്ലിനു നിറം-
ചോര കങ്ങിയ നീല.

സ്ഫടിക കൂടിനു
മൂലയിലെവിടെയോ
ശില്പിയുടെ പേര്അതിനു-
സ്വപ്നം വറ്റിച്ച സ്വര്‍ണ നിറം.!
  
തീചില്ലിന്റെ തിളക്കത്തില്‍
 
സ്വര്‍ണവും സ്വപ്നവുമെല്ലാം 
ഇനി  ലോകം മറക്കും !!
 




Saturday, December 29, 2012

നീ വെറും യോനി!

ഫേസ് ബുക്കിലേക്കൊരു ലിങ്ക് 




ശരീരം മുഴുവന്‍
ആസക്തിയുടെ  ലിംഗങ്ങള്‍!!,
ഒന്ന് ചെത്തിയാല്‍
കിളിര്‍ക്കും  നൂറ്,
ചേറിലും തുളക്കും,
പുളക്കും,
വെകിളി പിടിക്കും,

ഇരുമ്പിനെയും ലിംഗമാക്കും,
അമ്മയെയും പുലയാട്ട് നടത്തും,

ഒടുക്കം എണീറ്റ്‌ നില്‍ക്കും,
ഞാന്‍ പുരുഷനെന്നു പ്രഖ്യാപിക്കും,


എന്നാലും,
നാം വളര്‍ത്തും,
 ആണിനും പെണ്ണിനും  പ്രകൃതിക്കും
 മാനക്കേട് ഉണ്ടാക്കിയവനെ!

പെണ്ണെ, നിന്‍റെ കണ്ണും കാതും മുലയും തുടയും വായും മലദ്വാരവും കാലും ചെവിയും പുറവും എല്ലാം, വെറും യോനി മാത്രം !!

നീ വെറും യോനി മാത്രം!








(സമര്‍പ്പണം-  ഡല്‍ഹി കൂട്ട ബാലാല്‍സംഗത്തിനും യോനിയിലൂടെ ഇരുമ്പ് ദണ്ഡ്  കുത്തിക്കയറ്റി ആന്തരികാവയവയങ്ങള്‍ക്ക് ഗുരുതര പരിക്കെല്ല്ക്കും വിധം മാരകമായ മര്‍ദ്ദനത്തിനും വിധേയയായി കൊല്ലപ്പെട്ട  ജ്യോതിയെന്ന 23കാരിക്ക് )


Sunday, October 14, 2012

മലാല !

Face book link 



മലാല ,

അവര്‍ക്ക് നിന്നെ പേടിയാണ് -

കുട്ടിത്തമുള്ള നിന്‍റെ കണ്ണുകള്‍.,

നിഷ്കളങ്കത .



കുട്ടികളെ വഴിതെറ്റിക്കാന്‍ 

എളുപ്പമല്ല.



അവള്‍,

കുട്ടികളെ വഴി തെറ്റിക്കുന്നെന്നു ,

നേരായ വഴിയിലേക്കെന്ന്‍ ,

താലിബാന്‍ 

നിന്‍റെ തോക്കിന്‍കുഴലിന് 
കണ്ണുണ്ട്,
കുട്ടിത്തമില്ല.





ഹേ , താലിബാന്‍ 

നീയൊന്നു കുട്ടിയായി മാറി കാണിക്കൂ,

ഈ വെല്ലുവിളി ഏറ്റെടുക്ക്,

കാണട്ടെ നിന്‍റെ വീറ്.


ലോകം ഇപ്പോള്‍ അവള്‍ക്കു പിന്നിലാണ്.



മലാല, 

അവര്‍ക്കിപ്പോഴും നിന്നോട് പേടി മാത്രമാണ് !


Sunday, June 17, 2012

ദൈവത്തിന്‍റെ ഒളിച്ചോട്ടം!

അവസാന ദിവസം
മനുഷ്യന്‍ അവന്‍റെ രൂപത്തിലും ശൈലിയിലും
ദൈവത്തെ സൃഷ്ടിച്ചു.
അത്‌ മറ്റു സൃഷ്ടികളേക്കാള്‍
മികച്ചതെന്നു അവന്‍ കണ്ടു. 
പല ജനതക്കും ഓരോ പേരില്‍
അവനു മേല്‍ അവകാശം കൊടുത്തു.
ഓരോരുത്തരും
'യഥാര്‍ത്ഥ  ' അവകാശം
പ്രഖ്യാപിച്ച് പരസ്പരം പോരാടി.
വിശുദ്ധ പോരാട്ടങ്ങള്‍ക്കിടയില്‍
ശ്വാസം മുട്ടിയ ദൈവം
അവര്‍ക്കിടയില്‍ നിന്നും
ഒളിച്ചോടി!






Tuesday, August 9, 2011

അഹങ്കാരം

                കാരമിട്ടു കഴുകിയുണക്കി
                തല്ലിയലക്കിയിട്ടും
                പിന്നെയും പരുപരുപ്പ്




 








സ്ഥലകാല വിഭ്രമം

















തനിച്ചല്ല ഞാനെന്നു -
തോന്നും-
സ്ഥലകാല വിഭ്രമം
മായ
മറുക്
ചാത്തന്‍
തെറി
പിന്നെയൊരു പുണരല്‍
ആഹാ
തനിച്ചിരിക്കുകയെത്ര സുഖമെന്റെ
ഏകാന്തതേ നീ-
യെവിടെയായിരുന്നിത്ര നാളും
പിണങ്ങാന്‍ മാത്രം
ഞാനെന്തു ചെയ്തു!!!

Tuesday, June 14, 2011

മരണ മൊഴി





എഴുന്നേറ്റിരുന്നു പറയണമെന്നുണ്ട്,
എന്നെ കൊന്നത് നീയാണെന്ന്.
വെട്ടി മുറിക്കല്‍ തുടങ്ങുമ്പോഴാകും
സംസാരിക്കാനാകുക  ,
ആര്‍ക്കറിയാം?

പണ്ട് കുട്ടിക്കാലത്ത്
അമ്മ പറഞ്ഞിരുന്ന
കെട്ടു കഥകളില്‍
മറ്റൊന്നു മാത്രമാകാം,
കണ്ണടഞ്ഞു പോയാലും
പോസ്ടുമോര്‍ട്ടം മേശക്കു മുകളില്‍ കിടന്ന്‌
ശവം  സംസാരിക്കുമത്രേ!

കരളു  പറിച്ചാണ് കൊന്നത്,
ഇനിയെനിക്കീ
ഡോക്ടര്‍ മാത്രമാണ് 
അവസാന പ്രതീക്ഷ!


മഴനൂലില്‍ കൊളുത്തിയിടാമോ
താഴെ വീഴ്ത്തില്ലെന്നു ഉറപ്പ്,
ഞാനത് വിശ്വസിച്ചു,
കടല്‍ പാലത്തിനു മുകളില്‍ നിന്നാല്‍
ഒരു കാഴ്ച കാണിക്കാമെന്നു നീ,
കടലോളം പേക്കിനാവ് കാണുന്ന കടലില്‍
 മഴനൂലിന്റെ കെട്ടു  നീ പൊട്ടിച്ചിട്ടു.

എന്റെയീ തലയോട്ടി പിളര്‍ക്കും മുന്‍പെന്നെ
എഴുന്നേല്‍പ്പിച്ചിരുത്താമോ ?
ഒന്ന് കൂടി പറയാനുണ്ട്,
മഞ്ഞു കാറ്റിന്റെ  ചുഴിയില്‍പെട്ട്
കടലില്‍ വീഴും മുന്‍പ്‌ 
നിന്നോട് പറയാന്‍
നാവടഞ്ഞു പോയ
എന്റെ മരണ മൊഴി,
അതിപ്പോള്‍ രേഖപ്പെടുത്താമോ?


"ഇപ്പോഴും  ഞാന്‍ നിന്നെ പ്രണയിക്കുന്നു".


******************************

http://vettamonline.com/?p=7767
വെട്ടം ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്   


Related Posts Plugin for WordPress, Blogger...

Pages