കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ -
പൊട്ടിതീരാനിനി നെഞ്ചില്ല ബാക്കി.
ഇഞ്ചിഞ്ചായി പിളര്‍ത്തി -
ക്കൊല്ലാന്‍ ഞാനില്ല ബാക്കി.
വെള്ളാരം കല്ലുകള്‍, മുത്തുചിപ്പി കൂണുകള്‍,
കൈത , ഒറ്റക്കണ്ണന്‍ മീനുകള്‍,
പെരുമ്പാമ്പിന്‍ മാളങ്ങള്‍ ,
കക്കകള്‍, വരാലുകള്‍,
ആമയിഴച്ചിലുകള്‍,
പഞ്ചാര തോല്‍ക്കും മണല്‍-- -
തീര്‍ന്നു , ചത്തു ഞാന്‍ മുക്കാലും.
പുഴയോടിയ വയലുകള്‍,
പൂരം ചവിട്ടിയ തീരങ്ങള്‍,
ബലിദര്‍പ്പണങ്ങള്‍ക്കായി തലകുനിച്ച ഓളങ്ങള്‍ ,
അവധിക്കാലം മുങ്ങി നിവര്‍ന്ന ചിറകള്‍-- -
മറന്നൂ , മരണം കാര്‍ന്നു ദ്രവിച്ച ഞാന്‍ പോലും.
അടുക്കള മുറ്റങ്ങള്‍,
പറമ്പില്‍ കൊഴിഞ്ഞൊഴുകും തേങ്ങകള്‍,
വിദ്യാലയ മുറ്റങ്ങള്‍, തോണി ഒഴുക്കിയ ബാല്യങ്ങള്‍,
ആറാട്ടിനു കാത്തിരിക്കുന്ന ഭഗവതിമാര്‍ ,
തോരാ മഴയില്‍ പണ്ടു കണ്ട -
കര കയറിയ കാഴ്ചകള്‍
ഇനിയും കാണാമെന്നതെന്‍റെ
പുഴ വറ്റിയ അന്ത്യാഭിലാഷങ്ങള്‍ !
ഊറ്റിക്കൊള്‍ക
മണലും വെള്ളവും ,
ഞാന്‍ വളര്‍ത്തിയ കാടും കാട്ടാറുകളും ,
പകരം കൊല്ലുക,
ഒറ്റത്തൂക്കിനു കൊല്ലുക ,
ദയ കാണിക്കുക ലോകമേ-
സ്വീകരിക്കുക
വെള്ളം വറ്റിയ എന്‍റെയീ ദയാഹരജി !
No comments:
Post a Comment