വിരഹ കഥകളെഴുതാന്‍ മാത്രം
പാവമൊരു പെണ്‍കുട്ടിയെ പ്രണയിച്ച
ഒരു ചങ്ങാതിയുണ്ടെനിക്ക് .
സര്‍വജ്ഞ പീഠം കയറുന്നതിനു
തൊട്ടു മുന്‍പ്
അറിവില്ലാതിരുന്ന
ദാമ്പത്യ സുഖത്തിനായി
രാജകുമാരനിലേക്ക്
കായ പ്രവേശം നടത്തിയ
സന്യാസി വര്യനായിരുന്നു
അവന്റെ മാതൃകാ പുരുഷന്‍!
(പാവം രാജകുമാരി എന്ത് പിഴച്ചു?)
അവനുമൊരു മുനിയായിരുന്നു.
ആദ്യമാദ്യം
രാത്രിയില്‍
ഉറക്കത്തിലേക്കുള്ള
നീളം കുറഞ്ഞ ഇടനാഴികളില്‍,
മഹാ മൌനങ്ങള്‍ക്കും
വാഗ് സ്ഫുലിംഗങ്ങള്‍ക്കും ഇടക്കുള്ള
മഴ തണുപ്പില്‍,
ഗൂഡ സ്മിതങ്ങള്‍ക്കും
പുഷ്പിക്കലുകള്‍ക്കുമിടക്ക്
ആര്‍ക്കോ കളഞ്ഞു പോയ
സമയത്തിന്റെ ചില അപൂര്‍വ മാത്രകളില്‍ മാത്രം
വരയിടാത്ത താളില്‍
പേനത്തുമ്പറിയാതെ
മഷി പടര്‍ത്തി.
അപ്പോഴൊക്കെയും
പുലര്‍കാല സ്ഖലനങ്ങള്‍ക്ക്
അവകാശിയില്ലാത്തത്
നീതി കേടെന്നു കണ്ട്
അവന്‍ ദുഖിച്ചു.
(നിയമങ്ങളില്ലാത്ത ലോകം അവന് വീര്‍പ്പു മുട്ടലുണ്ടാക്കും )
കൃഷ്ണേ,
ഞാന്‍ നിന്നെ പ്രണയിക്കുന്നു-
മനസിലെ കളിമണ്ണ് പ്രതിമയെ
കണ്ടെടുത്ത നിമിഷം
അവന്‍ പ്രണയ ശ്വാസമൂതി.
മുടിയില്‍ നീല മയില്‍ പീലികള്‍,
കഴുത്തില്‍ പേര് കൊത്തിയ വലം പിരി ശംഖ്
(അത് മുഴക്കിയാല്‍ അവന്‍ പാഞ്ഞെത്തും ) ,
കണ്ണില്‍ കര്‍പ്പൂരം ചാലിച്ച കരിമഷി,
നഖത്തില്‍ മൈലാഞ്ചി ചോപ്പ്,
ഉടലില്‍ ചന്ദന തൈലം,
ഉടുക്കാന്‍ വെണ്‍മേഘ കുപ്പായം,
അവന്റെതല്ലാത്ത ഒന്നും അവളിലില്ലായിരുന്നു .
പിന്നീടുള്ള പുലരികളില്‍
അവളെ സ്വപ്നം കണ്ട്
കുറ്റബോധമില്ലാതെ
അവന്‍ സ്ഖലിച്ചു.
കയ്യില്‍ നീല പടര്‍ന്നപ്പോള്‍
അവനതു തൊട്ട് കവിതയെഴുതി,
കൃഷ്ണയുടെ പ്രണയം,
കാറ്റിനോടും കരിയിലയോടും
കവിത ചൊല്ലി,
കാര്‍മേഘമത് മഴയായി മൂളി,
ഭൂമിയത് പുഴയായൊഴുക്കി,
കടലിനു നടുവിലെ
സുവര്‍ണ ദ്വീപിലേക്ക്
പുഴയിലൂടെ അവന്‍ വള്ളമൂന്നി,
ദ്വീപിലെ രാജാവിന്റെ മകള്‍
അവനു വേണ്ടി പണ്ടേ പറഞ്ഞുറപ്പിച്ചവള്‍ !
(പാവം കൃഷ്നയെന്തു പിഴച്ചു!)
ദ്വീപോരം പതുക്കെ
ദ്വീപോരം പതുക്കെ
കൃഷ്ണയെ കടലിലിറക്കി,
അവള്‍ അലിഞ്ഞു പോയി,
അവന്‍ തുഴഞ്ഞു പോയി.
അതപ്പോഴത്തെ നീതി!
കൊട്ടാരത്തിലെത്തുന്നതിനു മുന്‍പ്
അവന്‍ ആ വാര്‍ത്ത കേട്ടു-
രാജകുമാരി ഒളിച്ചോടി.
കാറ്റട്ടഹസിച്ചു -
ഇതു ദൈവത്തിന്റെ നീതി !
2 comments:
nice presentation in ur poem
nice lines
കൊള്ളാം നല്ല വരികള്‍
Post a Comment