Sunday, October 5, 2008

ഞാനൊന്നു കരഞ്ഞോട്ടെ ....

ഒരിക്കല്‍
എനിക്കൊരു പരാതി കിട്ടി ,
എന്നെക്കുറിച്ച്,
കട്ടി കണ്ണട വച്ച
നീളന്‍ തലമുടിക്കാരനില്‍ നിന്നും ,
-ഇല്ല
നിന്‍റെ
വിരല്‍ തുമ്പുകള്‍ക്ക്
പ്രണയ സ്നിഗ്ധധ ,
തരളിത ചുവപ്പ്
ഒരു തരി പോലും.


അറിയാമോ ...?


വീശിയടിക്കുന്ന
മഴയില്‍
അനുജന്‍
ചൂടിത്തന്ന
കുടയുടെ
കീഴില്‍
നടുപ്പാടത്തിരുന്നു
കറുമ്പി പശുവിന്റെ
പാല്‍
കറന്നെടുക്കാറു‌ണ്ട് ,
ഞാന്‍ .


കിടാവു ചത്ത
പശുവിന്റെ
അകിട്ടില്‍
പുഴവെള്ളം
തെറ്റിയെറിഞ്ഞു
ഉണങ്ങിപ്പിടിച്ച
അവസാനത്തെ
ചാണക ചെതുമ്പലും
കഴുകി കളഞ്ഞു ,
നെയ് പുരട്ടി ,
എന്‍റെ വിരല്‍ തുമ്പൊന്നു
തൊട്ടാല്‍ മതി
പാല്‍ ചുരക്കും .


ജാലകങ്ങളില്ലാത്ത
തണുത്ത മുറികളിലെ
ഇരുട്ടില്‍
കാണാതെ കണ്ടു പേടിച്ച
ആനമറുതയും
പാട്ട പെറുക്കിയും
സ്വപ്നങ്ങളില്‍
നിഴലാടതിരിക്കാന്‍
നെറ്റി പിടിച്ച്
കുഞ്ഞനിയന്മാരുടെ
പേടിയകറ്റിയിരുന്നു,
ഞാന്‍.


വാതക്കാലുകള്‍
നീട്ടി വെച്ച്
തിരുമ്മാനായി
'കുട്ട്യേ നീയെവിട്യാ 'യെന്നു
അമ്മൂമ്മ
വിളിക്കാറു‌ള്ളതും
എന്നെത്തന്നെ .


കണ്ണും നാവും
ബലം പിടിച്ചടക്കിയിട്ടും
എന്‍റെ പ്രണയത്തിന്റെ
കാലുകളെ
പുണര്‍ന്നതും
മുടിയിഴകളില്‍
കുസൃതി
കാട്ടിയതും
ഞാനറിയാതെ
എന്‍റെ
വിരല്‍തുമ്പുകള്‍  ആയിരുന്നു .


എന്നിട്ടും , സുഹൃത്തെ,
നീ പറയുന്നു .....


ഇരുണ്ട
കൈതലത്തിലെ
കടുത്ത രേഖകള്‍
നിനക്കൊരു
സുന്ദരനെ
കൊണ്ടുതരുമെന്നു
നഗര പാതയിലെ
കൈ നോട്ടക്കാരന്റെ
അരുളപ്പാട്
( പ്രവച്ചനങ്ങളില്‍
ഞാന്‍ വീഴില്ല ,
എങ്കിലും .....)
എന്നെ
സന്തോഷിപ്പിക്കുന്നു .


നീയുമത്
കേട്ടതല്ലേ ?


പിന്നെയും ,
സുഹൃത്തെ ,
നീയെന്തേ എന്നെ
പഴിക്കുന്നു ?


ഞാനൊന്ന് കരഞ്ഞോട്ടെ ....
അപ്പോഴും
എന്‍റെ
മുഖത്തൊരു
ചിരിയുണ്ടെങ്കില്‍
ഭ്രാന്താനെന്നു മാത്രം
സുഹൃത്തെ  
നീയിനി
പറയരുത് .


ഈ വേദനയില്‍
ഞാനൊന്ന് അലിഞ്ഞോട്ടെ ....

No comments:

Related Posts Plugin for WordPress, Blogger...

Pages