Thursday, October 9, 2008

ചുടലക്കാട്ടിലെ ചന്ദനമരങ്ങള്‍


ചുടലക്കാട്

പേരിനു
കുറ്റിക്കാട് പോലുമില്ലാത്ത
തരിശ് കുന്നിന്‍പുറം

ജീവിതത്തിനും
മരണത്തിനുമിടയ്ക്ക്
കെട്ടിപ്പൊക്കിയ
ചുറ്റുമതിലിനുള്ളിലെ
പേടിപ്പിക്കുന്ന വിജനതയില്‍,

നഖം നീണ്ടു വളര്‍ന്ന
യക്ഷിക്കരം പോലെ
ഉയര്‍ന്നു നില്‍ക്കുന്ന
കറുത്ത, ഇല പൊഴിഞ്ഞ
തേക്ക്‌ മരത്തിനടിയിലാണ്
നിന്‍റെ വീട്..


തൂമ്പ തെറിക്കുന്ന
ചുവന്ന വെട്ടുക്കല്ലുമണ്ണില്‍,
രണ്ടടി താഴ്ചയില്‍
നീണ്ടു നിവര്‍ന്നു കിടന്നു
മോക്ഷം നേടുന്ന
ജീവനില്ലായ്മയുടെ
കെട്ടമണമാണ്
ചുറ്റിലും...


മതിലിലും
മരക്കൊമ്പുകളിലും
പുല്‍ക്കൊടികളിലും
കാറ്റ്
അടിച്ചു പറത്തിയ
ചിതയിലെ ചാരം

ഇവിടെ
ചന്ദനമരങ്ങള്‍
നട്ടു വളര്‍ത്താനാണ്
നിന്‍റെ മോഹം

വ്യാമോഹം

ഒരു അമാവാസി രാവില്‍ ജനിച്ച്
മറ്റൊരു അമാവാസി രാവില്‍
ആത്മഹത്യ ചെയ്ത്,
ചിതയില്‍ പാതിവെന്ത
ഉടലുമായി
ഒറ്റ മുറിയിലിരുന്ന്,
സുഗന്ധം വീശിപ്പടര്‍ത്തുന്ന
ചന്ദനയിലകള്‍
കാറ്റത്തുലയുന്ന
മര്‍മ്മരത്തിനു കാതോര്‍ത്ത്,
ഏകാന്തതയിലും
പ്രണയം ജ്വലിപ്പിക്കാമെന്നാണ്
നിന്‍റെ കണക്കുകൂട്ടല്‍..


അവ തെറ്റാതിരിക്കട്ടെ !

എന്‍റെ ചിതയില്‍ നിന്നുയരുന്ന
ചൂടിലും പുകയിലും
തേക്ക്‌ മരങ്ങളിലെ
ഇലകള്‍
എന്നേ പൊഴിഞ്ഞു പോയതാണ്...

പിന്നെ എങ്ങനെ
ചന്ദന മരങ്ങള്‍ക്ക്
വളരാന്‍തക്ക
തണല് കിട്ടും??

ചന്ദനമരം
വളര്‍ത്തുമെന്നു തന്നെയാണ്
നിന്‍റെ വാശിയെങ്കില്‍,
(ഈ ആത്മാവിന്റെ വാക്കിനു
വില കല്പ്പിക്കണമെന്നില്ല)
ഒരു ചീര തയ്യെങ്കിലും
കൂടെ നട്ടു കൊള്ളുക ..


(ചന്ദന മരങ്ങള്‍ക്ക് ഒരിക്കലും തനിയെ വളരാനാവില്ല. തൈ പൊട്ടി മുളച്ച് ഏതാനും വര്‍ഷങ്ങളെങ്കിലും അടുത്ത് നില്‍ക്കുന്ന മറ്റൊരു മരത്തിന്റെ വെള്ളവും വളവും വലിച്ചെടുത്താണ് ചന്ദന മരങ്ങള്‍ വളരുക. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൂട്ടു മരത്തിനെക്കാലും വളരെ ഉയരത്തില്‍ ചന്ദന മരം പടര്‍ന്നു പന്തലിക്കും, കൂട്ടു മരം ശോഷിക്കും. ശ്രദ്ധിച്ചാലറിയാം ഏതൊരു ചന്ദന മരത്തിനടുത്തും മറ്റൊരു മരം കൂട്ടു വളരുന്നുണ്ടാകും .. കൂട്ടു മരത്തെ മുറിച്ചു കളഞ്ഞാല്‍ ചന്ദന മരത്തിനു പിന്നെ നിലനില്‍പ്പില്ല... അത് കൊണ്ട് ചന്ദന മരം വച്ച് പിടിപ്പിക്കുമ്പോള്‍ കാരണവന്മാര്‍ കൂടെ മറ്റു മരങ്ങളോ, എളുപ്പത്തിനായി ചീര തൈകളോ വച്ച് പിടിപ്പിക്കാറുണ്ട്..)

4 comments:

Anonymous said...

hai jisha nice poem
today only i could see this......
soooooooooo........nice

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
ജോയിസ്..!!

പകല്‍കിനാവന്‍ | daYdreaMer said...

ഈ നനുത്ത വാക്കുകളുടെ ഇണചേരല്‍ ശരിക്കും അമ്പരപ്പിക്കുന്നു...
ആശംസകള്‍...

Anonymous said...

ഈ പിങ്ക് നിറത്തിന് ഭ്രാന്ത് പിടിപ്പിക്കുവാനുള്ള കഴിവുണ്ടെന്ന് മനശ്ശാസ്ത്രകാരന്മാര്‍..
പേരിനു
കുറ്റിക്കാട് പോലുമില്ലാത്ത
തരിശ് കുന്നിന്‍പുറങ്ങളില്‍
ചന്ദനം കൊണ്ട് തീത്തൈലം വാറ്റുന്നതാരാണ്?

Related Posts Plugin for WordPress, Blogger...

Pages